സൂറത്ത് കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിട്ട് എത്തുമെന്ന് സൂചന. കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ തന്നെയാണ് രാഹുല്‍ നാളെ സൂറത്തിലെത്തുമെന്ന സൂചന നല്‍കിയത്. വയനാട്ടിൽ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ രാഹുലിനെ അപ്പീല്‍ കാലാവധിക്കിടെ തന്നെ കേന്ദ്ര സര്‍ക്കാര്‍ അയോഗ്യനാക്കിയിരുന്നു. തിടുക്കത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ബിജെപി ഭരണകൂടം ശ്രമം നടത്തി. എന്നാല്‍ ലക്ഷദ്വീപ് എംപിയുടെ കേസില്‍ ഉണ്ടായ തിരിച്ചടി ഭയന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വയനാടിന്റെ കാര്യത്തില്‍ ബിജെപിക്ക് വഴങ്ങിയില്ല.
‘കള്ളന്മാരുടെ പേരുകള്‍ക്കൊപ്പം എന്തിനാണ് ‘മോഡി’ എന്ന് ചേര്‍ക്കപ്പെടുന്നത്’ എന്ന രാഹുലിന്റെ പ്രസംഗത്തിനിടയിലെ രാഷ്ട്രീയ ആക്ഷേപ പരാമര്‍ശമാണ് രണ്ട് വര്‍ഷത്തെ ജയില്‍വാസവും 15,000 രൂപ പിഴയും ചുമത്തിക്കൊണ്ടുള്ള ശിക്ഷയ്ക്ക് കാരണമായി സ്വീകരിച്ചത്. കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടന്നത്. എന്നാല്‍, ഗുജറാത്തിലെ ബിജെപി എംഎല്‍എയായ പൂര്‍ണേഷ് ‘മോഡി’ നല്‍കിയ കേസ് സൂറത്ത് പ്രാദേശിക കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ 23നാണ് രാഹുലിനെ കോടതി ശിക്ഷിച്ചത്.
ഇതുകൂടി വായിക്കാം: ഇത് രാഹുലില്‍ അവസാനിക്കണം
രാഹുലിന്റെ പ്രസംഗത്തില്‍ നീരവ് മോഡി, ലളിത് മോഡി, നരേന്ദ്ര മോഡി എന്നിവരെയാണ് പേരെടുത്ത് പരാമര്‍ശിച്ചത്. ഇക്കാരണങ്ങളാല്‍ പൂര്‍ണേഷിന്റെ ഹര്‍ജിയും കോടതിയുടെ ശിക്ഷാവിധിയും നിലനില്‍ക്കുന്ന ഒന്നല്ലെന്ന വാദം നിയമരംഗത്തുണ്ട്. ക്രിനല്‍, മാനനഷ്ട വകുപ്പുകള്‍ ചേര്‍ത്താണ് സൂറത്ത് കോടതി രഹുലിനെതിരെ കുറ്റംചുമത്തിയത്. ക്രിമനല്‍ കേസില്‍ രണ്ട് വര്‍ഷം ശിക്ഷിക്കപ്പെടുന്ന ആള്‍ക്ക് പാര്‍ലമെന്റ് അംഗമായി തുടരാന്‍ യോഗ്യതയില്ലെന്ന സുപ്രീം കോടതിയുടെ മുന്‍കാല വിധി ആസൂത്രിതമായി ബിജെപി പാര്‍ലമെന്റില്‍ പയറ്റി. ശിക്ഷ വിധിച്ചയുടന്‍ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടു എന്ന ഉത്തരവ് പിറ്റേന്ന് രാഹുലിന് പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് നല്‍കുകയായിരുന്നു.
രാഹുല്‍ വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യമെങ്ങും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടരുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റ് നടപടിയില്‍ ബിജെപിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സഭയില്‍ നേരത്തെ അകന്നുനിന്നിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇടതുപാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനുമൊപ്പം ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങിയതും ശ്രദ്ധേയമായി.
ഇന്ന് സൂറത്ത് കോടതിയില്‍ രാഹുല്‍ നേരിട്ട് ഹാജരാകുന്നത് അപ്പീല്‍ ഹര്‍ജിയിന്മേലുള്ള നടപടികളുടെ വേഗം കൂട്ടുമെന്നാണ് പ്രതീക്ഷ. ഒരുമാസമാണ് പ്രാദേശിക കോടതി അപ്പീല്‍ നല്‍കുന്നതിന് സമയം അനുവദിച്ചത്. ഈ കാലയളവില്‍ രാഹുലിനെ അറസ്റ്റുചെയ്യരുതെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയും നടപടികള്‍ക്ക് ശേഷം കുറ്റക്കാരനല്ലെന്ന് വിധിക്കുകയും ചെയ്താല്‍ രാഹുലിനെതിരെയുള്ള അയോഗ്യതാ ഉത്തരവ് റദ്ദാവും. തല്‍സ്ഥിതി തുടരാനാണ് വിധിയെങ്കില്‍ അടുത്ത എട്ട് വര്‍ഷത്തേക്ക് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നതാണ് ചട്ടം.
English Sammury: Defamation case: Rahul Gandhi may come to Surat Court Tomorrow to file an Appeal