കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യുകെയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപിയുടെ ആവശ്യത്തെ നിശിതമായി വിമര്‍ശിച്ച് പവന്‍ ഖേര. ‘മാപ്പ് പറയാന്‍ ഇത് സവര്‍ക്കറാണെന്ന് കരുതിയോ’ എന്ന് ട്വിറ്ററിലൂടെ ചോദിക്കുകയായിരുന്നു എഐസിസി വക്താവ് പവന്‍ ഖേര. ഇതിനെതിരെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അഭിനേത്രി ഖുശ്ബു സുന്ദറിന്റെ പ്രതികരണവും വന്നു. നേരത്തെ റായ്പുരില്‍ നടന്ന എഐസിസി പ്ലീനറി സമ്മേളനത്തിന് പുറപ്പെട്ട പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് വിളിച്ചിറക്കി അറസ്റ്റുചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ചു എന്ന പേരിലായിരുന്നു അത്.
യുകെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുല്‍ മാപ്പു പറയണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇതിനോടുള്ള പ്രതികരണമായാണ് വി ഡി സവര്‍ക്കറല്ല രാഹുലെന്ന് പവന്‍ ഖേര തുറന്നടിച്ചത്. സ്വാതന്ത്ര്യ സമരകാലത്ത്, ബ്രിട്ടീഷുകാരുമായി സഹകരിക്കുന്നതിന് മുമ്പ് വി ഡി സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ ട്വീറ്റിനോട് പ്രതികരിച്ചത്. ‘രാഹുല്‍ ഗാന്ധിക്ക് ഈ തടവറയില്‍ കുറച്ച് ദിവസമെങ്കിലും ജീവിക്കാനാകുമോ? നിങ്ങളുടെ പാര്‍ട്ടി പരിഹസിക്കുന്നത് വീര്‍ സവര്‍ക്കറെയല്ല. മറിച്ച് അദ്ദേഹം ഭാരതമാതാവിന് വേണ്ടി ചെയ്ത ത്യാഗങ്ങളെയാണ്. അല്ല അതിന് നിങ്ങള്‍ക്ക് ത്യാഗം എന്താണെന്നൊക്കെ അറിയാമോ?’ എന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
ഖുശ്ബു പങ്കുവച്ച വീഡിയോയിലെ സെല്ലുലാര്‍ ജയിലില്‍ വച്ചായിരുന്നു വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞത്. രാജ്യത്തെ മറപ്പ് മാപ്പു പറഞ്ഞതോടെ സവര്‍ക്കറെ ബ്രിട്ടീഷുകാര്‍ ജയില്‍മോചിതനാക്കുകയായിരുന്നു.
തന്റെ കുടുംബത്തില്‍ അത്രമേല്‍ പ്രിയപ്പെട്ട ആളുകള്‍ രാജ്യത്തിന് വേണ്ടി ഏറ്റവും വലിയ ത്യാഗങ്ങള്‍ ചെയ്യുന്നത് കണ്ട് വളര്‍ന്ന മനുഷ്യനോടാണ് നിങ്ങള്‍ ത്യാഗമെന്താണെന്ന് അറിയുമോ എന്ന് ചോദിക്കുന്നതെന്ന് പവന്‍ ഖേര ഖുശ്ബുവിനുള്ള മറുപടിയായി പറഞ്ഞു. രാഷ്ട്രീയം നിങ്ങളുടെ പ്രാഥമിക ബുദ്ധിയും ബോധവും ഇല്ലാതാക്കിയേക്കാം പക്ഷേ അത് നിങ്ങള്‍ എന്ന മനുഷ്യന്റെയുള്ളിലെ മനുഷ്യത്വം ഇല്ലാതാക്കരുത് എന്നും പവന്‍ ഖേര പറഞ്ഞു. ‘രാജ്യം മുഴുവന്‍ അവരെ ഓര്‍ക്കുന്നുണ്ട് ഞാനും ഓര്‍ക്കുന്നുണ്ട്. ആ രണ്ടുപേര്‍ മാത്രമല്ല രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തത്. ഈ രാജ്യത്തിന് വേണ്ടി ജീവന്‍ വരെ ബലി നല്‍കിയ നിരവധി പോരാളികളുണ്ട്. അവരെയും ഓര്‍ക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ രാഹുല്‍ ഗാന്ധി ഇപ്പോഴും പോകുന്നത് അദ്ദേഹത്തിന്റെ പൂര്‍വികര്‍ നടത്തിയ ത്യാഗങ്ങളുടെ ബലത്തിലാണ്. അദ്ദേഹം ഇനിയും വളരാനുണ്ട്. വളര്‍ന്ന് ത്യാഗത്തിന്റെ അര്‍ത്ഥം എന്താണെന്ന് ശരിക്കും മനസിലാക്കാനുമുണ്ട്. എന്റെ ഉള്ളിലെ മനുഷ്യന്‍ ഇപ്പോഴും ജീവനോടെയുണ്ട്. അതുകൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസ് വിട്ടത്,’ ഖുശ്ബു മറുപടിയായി കുറിച്ചു.
English Sammury: ‘Rahul Gandhi is not Savarkar to apologize’ Pawan Khera reply to Khushbu Sundar feud