Site iconSite icon Janayugom Online

രാഹുലിന്റെ അറസ്റ്റ് തടഞ്ഞു; കേസ് 15ന് വീണ്ടും പരിഗണിക്കും

യുവതിയെ പീഡിപ്പിക്കുകയും അശാസ്ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് ഈ മാസം 15ന് വീണ്ടും പരി​ഗണിക്കും. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

മുമ്പ് നൽകിയ അപേക്ഷ സെഷൻസ് കോടതി തള്ളുകയും അറസ്റ്റ് ചെയ്യാമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അതിജീവിതയ്ക്ക് എതിരെ നൽകിയ തെളിവുകൾ പരി​ഗണിച്ചില്ലെന്നു വാദിച്ചാണ് വീണ്ടും ജാമ്യാപേക്ഷ നൽകിയത്. അതേസമയം ഒളിവിലിരിക്കുന്ന രാഹുലിനെ സഹായിക്കാൻ കോൺ​ഗ്രസ് നേതൃത്വമുണ്ടെന്ന ആരോപണങ്ങൾ ശരി വയ്ക്കുന്ന തരത്തിലാണ് വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

പത്ത് ദിവസമായി രാഹുൽ ഒളിവിലാണ്. തമിഴ്നാട്- കർണാടക അതിർത്തിയായ ഹൊസൂരിലും ബംഗളുരു നഗരത്തിന് പുറത്തുള്ള ആഡംബരവില്ലയിലും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിഞ്ഞതായി വിവരം ലഭിച്ചത്. ഒളിവിൽ പോകാൻ സഹായിച്ച ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. രാഹുലിനെ രക്ഷപെടാൻ സഹായിച്ച പാലക്കാട് ഓഫീസിലെ പേഴ്സണൽ സ്റ്റാഫ് ഫസലിനെതിരെയും ഡ്രൈവർ ആൽബിനെതിരെയും കേസെടുത്തിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

Exit mobile version