ഛത്തീസ്ഗഢിലെ പ്രമുഖ നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവും ആദിവാസി മഹാസഭാ നേതാവുമായ മനീഷ് കുഞ്ചാമിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതിനെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു. സുഖ്മയിലെ വസതിയിലാണ് അഴിമതി വിരുദ്ധ ഏജന്‍സിയും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പരിശോധന നടത്തിയത്.
അഴിമതിക്കെതിരെ സന്ധിയില്ലാസമരം നടത്തുന്ന മനീഷിനെതിരെ അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരിലായിരുന്നു ഇത്. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പില്‍ ബിജെപി തോല്‍വിക്ക് പിന്നാലെയായിരുന്നു പരിശോധന.
രാഷ്ട്രീയ എതിരാളികളെ പൊതുജനമധ്യത്തില്‍ താറടിച്ച് കാണിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. വ്യാജ ആരോപണം മുന്‍നിര്‍ത്തി മുതിര്‍ന്ന നേതാവിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

