പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതി. കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണമാണ് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കൽ.
യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലാണ് പാലക്കാട് ഡിവിഷൻ. ഒരു പോരായ്മകളും ചൂണ്ടിക്കാണിക്കാനില്ലാതിരുന്നിട്ടും ഈ ഡിവിഷൻ നിർത്തലാക്കുന്നത് കേരളത്തിനെതിരായ ഗൂഢനീക്കമാണ്. റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ കേരളത്തോട് കടുത്ത അവഗണനയാണ് തുടരുന്നത്. അതിനിടയിലാണ് നിലവിലെ സംവിധാനങ്ങൾ കൂടി ഇല്ലാതാക്കുന്നത്.
യുപിഎ സർക്കാർ കാലത്ത് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചാണ് സേലം ഡിവിഷൻ ആരംഭിച്ചത്. അതിനുശേഷം പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താൻ ആസൂത്രിതനീക്കമുണ്ടായി. പാലക്കാടിനെ മംഗളൂരുവിന്റെ ഭാഗമാക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയിരുന്നു. അന്ന് കടുത്ത പ്രതിഷേധം ഉയർത്തി കേരളം അതിനെ ചെറുത്തു തോൽപ്പിച്ചു.
കേന്ദ്രത്തിന് കേരളത്തോട് എല്ലാ മേഖലകളിലും അവഗണനയും ശത്രുതയുമാണ്. ഇതിനെതിരെ ചെറുവിരലനക്കാൻ പോലും യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞിരുന്നില്ല. അവർ പലപ്പോഴും കേരളത്തെ ഒറ്റുകൊടുക്കുന്ന നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി പച്ചക്കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങൾ തടയാൻ മുന്നിൽ നിൽക്കുകയും ചെയ്യുന്നു.
പാത ഇരട്ടിപ്പിക്കൽ, പുതിയ പാതകൾ അനുവദിക്കൽ, കൂടുതൽ പുതിയ ട്രെയിനുകൾ എന്നീ കാര്യങ്ങളിൽ കേന്ദ്രം അവഗണന അവസാനിപ്പിക്കണം. കേരളത്തോടുള്ള റെയിൽവേ അവഗണനക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണം. റെയിൽവേ വികസനത്തിൽ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ കേന്ദ്രസർക്കാർ നടപ്പാക്കുന്നതിനും പ്രക്ഷോഭം ഉയരണം. പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി പറഞ്ഞു.
English Summary: Railway Palakkad Division should be retained: Minister V Abdur Rahiman sent a letter
You may also like this video