Site iconSite icon Janayugom Online

ട്രെയിനുകളിൽ റെയിൽവേ സ്‌പെഷ്യൽ കൊള്ള

കോവിഡ് കാലത്ത് സർവീസ് നിർത്തുകയും ഒരുവർഷം മുമ്പ് പുനഃസ്ഥാപിക്കുകയും ചെയ്ത ട്രെയിനുകളെല്ലാം സ്‌പെഷ്യൽ എന്ന നിലയിൽ സർവീസ് നടത്തുന്നതിനാൽ എക്സ്പ്രസ് ട്രെയിനിന് സമാനമായ കൂ­ടിയ നിരക്ക് നൽകി യാത്രചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാർ. സാധാരണക്കാരും സ്ഥിരം യാത്രികരും കൂടുതലായി ആ­ശ്രയിച്ചിരുന്ന പാസഞ്ചർ, മെമു ട്രെയിനുകളാണ് സ്‌പെഷ്യൽ സർവീസായി ഓടുന്നത്. ഇപ്പോൾ ഈ ട്രെയിനുകളുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ്‌ നിരക്ക്‌ 30 രൂപയാണ്‌. നേരത്തെ പാസഞ്ചറിൽ കുറഞ്ഞ നിരക്ക്‌ 10 രൂപയായിരുന്നു. നിരക്ക്‌ കൂട്ടിയെങ്കിലും പ­ഴയ പാസഞ്ചർ ട്രെയിനിന്റെ സമയവും സ്റ്റോപ്പുമാണ് നിലവിലുമുള്ളത്. 2020ലെ ലോക്ഡൗണിൽ ട്രെ­­യിൻ സർവീസ്‌ നിർത്തിയത് കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്ന് റെ­യിൽവേ അധികൃതർ പറയുന്നു. എന്നാൽ സ്റ്റോപ്പുകളിലും വേഗതയിലും മാറ്റമില്ലാതെ അധികതുക ഈടാക്കുന്നത് പകൽ കൊള്ളയാണെന്നാണ് യാത്രക്കാരുടെ പക്ഷം. കോവിഡിനെ തുടർന്ന് മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവർക്കുള്ള യാത്രാ ആനുകൂല്യങ്ങൾ എടുത്തുകളഞ്ഞതും റെയിൽവേ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. അതേസമയം മലബാർ, മാവേലി ഉൾപ്പെടെ എട്ട്‌ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചും റെയിൽവേ സാധാരണക്കാരെ വെല്ലുവിളിക്കുകയാണ്. ഷാലിമാർ സൂപ്പർഫാസ്റ്റ്‌ എക്സ്പ്രസ്‌, നേത്രാവതി എക്സ്പ്രസ്‌, കേരള എന്നിവയിലെയും കോച്ചുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക്‌ പ­രിഗണിച്ച്‌ റെയിൽവേ ഇപ്പോൾ അനുവദിക്കുന്ന കോച്ചുകൾ മിക്കതും എസിയാണ്‌. സ്ലീപ്പർ കോച്ചുകളിൽ വരുമാനം കുറവും ചെലവ്‌ കൂടുതലുമാണെന്നാണ്‌ റെയിൽവേ അവകാശപ്പെടുന്നത്‌. ബംഗളൂരു–കന്യാകുമാരി ഐ­ലൻഡ്‌ എക്സ്പ്രസിലും കൊച്ചുവേളി- നിലമ്പൂർ റോഡ്‌ രാജ്യറാണി എക്സ്പ്രസിലും വനിതാ കോച്ചുകളില്ലാത്തത്‌ സ്ത്രീകളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എസ്‌എൽആർ കോച്ചുകൾ (സീറ്റിങ്‌ കം ലെഗേജ്‌ റേക്ക്‌) ഇല്ലെന്നതാണ്‌ ഐലൻഡ്‌ എക്സ്പ്രസിൽ വനിതാ കോച്ച്‌ അനുവദിക്കാത്തതിന്‌ കാരണമായി റെയിൽവേ പറയുന്നത്. മുന്നിലും പിന്നിലുമുള്ള ജനറൽ കോച്ചുകളിൽ സ്ത്രീകൾക്ക്‌ പ്ര­ത്യേക പരിഗണനയുമില്ല. എ­ന്നാൽ രാജ്യറാണി എക്സ്പ്രസിൽ എസ്‌എൽആർ കോച്ചുകളുണ്ടെങ്കിലും. വനിതാ കോച്ചുകൾ പ്ര­ത്യേകമായി അനുവദിക്കാൻ റെ­യിൽവേ തയ്യാറാകുന്നില്ല. ജനറൽ കോച്ചുകളിൽ വനിതകൾക്ക്‌ ഇരിപ്പിടം ലഭിക്കുന്നില്ലെന്നു മാത്രമല്ല, തിരക്കിൽ ഏറെ ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവരുന്നു. സ്ത്രീ­കൾക്ക്‌ പ്രത്യേകം സൗകര്യം നൽകാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്‌.

അവഗണനയുടെ ചുക്കാൻ പിടിക്കുന്നത് ബിജെപി നേതാവ്

കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളിൽ യാത്രക്കാർക്കുണ്ടാകുന്ന അവഗണനയ്ക്കും ബുദ്ധിമുട്ടുകൾക്കും ചു­ക്കാൻ പിടിക്കുന്നത് മുതിർന്ന ബിജെപി നേതാവ് പി കെ കൃഷ്ണദാസ്‌ ആണ്‌. 2018 മുതൽ ഇദ്ദേഹമാണ് റെയിൽവേ പാസഞ്ചർ അമിനിറ്റീസ്‌ കമ്മിറ്റി ചെയർമാൻ. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിലാണ്‌ അമിനിറ്റീസ്‌ ക­മ്മിറ്റി ചെയർമാന്റെ ഓഫിസ്. യാത്രക്കാർക്ക്‌ ആവശ്യമായ പരിഷ്കരണങ്ങൾ, റെ­യിൽവേ സ്റ്റേഷനുകളിലെ പരിശോധന, പരിഹാരം തുടങ്ങിയവ ഉറപ്പാക്കുകയാണ്‌ ചെയർമാന്റെ ഉത്തരവാദിത്തം. തുടർച്ചയായി രണ്ടുതവണ ഈ പദവി ലഭിച്ചിട്ടും കൃഷ്ണദാസിന്‌ കേരളത്തിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. വിവിധ സ്റ്റേഷനുകൾ സന്ദർശിച്ച്‌ വാഗ്‌ദാനങ്ങൾ നൽകാറുണ്ടെങ്കിലും ഒന്നും പ്രാവർത്തികമായിട്ടില്ല. ജനശതാബ്ദി ഉൾപ്പെടെ നിരവധി ട്രെ­യിനുകളിലെ പഴകിയ കോച്ചുകൾ മാറ്റണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് നേരെയും മുഖംതിരിക്കുകയാണ്.

eng­lish sum­ma­ry; Rail­way spe­cial rob­bery in trains

you may also like this video;

Exit mobile version