Site iconSite icon Janayugom Online

റെയിൽവേ ടിക്കറ്റ് നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ; നിരക്ക് വിവരങ്ങൾ പുറത്തുവിട്ടു

രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്ക് വർധന നാളെ (ജൂലൈ 1) മുതൽ പ്രാബല്യത്തിൽ വരും. റെയിൽവേ ബോർഡ് നിരക്ക് വർധനവിന്റെ വിശദമായ പട്ടിക പുറത്തിറക്കി. എ സി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വീതവും എക്സ്പ്രസ് / മെയിൽ ട്രെയിനുകളിലെ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതവുമാണ് വർധിക്കുക. എ സി ത്രീ ടയർ, ചെയർ കാർ, ടു ടയർ എ സി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് രണ്ട് പൈസ വർധന നടപ്പാക്കുന്നത്.

സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതം കിലോമീറ്ററിന് വർധിക്കും. ഓർഡിനറി നോൺ‑എ സി ടിക്കറ്റുകൾക്ക് 500 കിലോമീറ്റർ വരെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. എന്നാൽ, 501 കിലോമീറ്റർ മുതൽ 1500 കിലോമീറ്റർ വരെ 5 രൂപയും, 1501 കിലോമീറ്റർ മുതൽ 2500 കിലോമീറ്റർ വരെ 10 രൂപയും, 2501 കിലോമീറ്റർ മുതൽ 3000 കിലോമീറ്റർ വരെ 15 രൂപയുമാണ് വർധിക്കുക. സബർബൻ ടിക്കറ്റുകൾക്കും സീസൺ ടിക്കറ്റുകൾക്കും ഈ വർധനവ് ബാധകമല്ല. വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും നിരക്ക് വർധനവ് ബാധകമാണ്. അതേസമയം, നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് നിരക്ക് വർധനവ് ബാധകമല്ല. 

Exit mobile version