സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ഇടങ്ങളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോരതീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണം. കേരളകർണാടകലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാല ജാഗ്രതയ്ക്കൊപ്പം കടലാക്രമണ സാധ്യതയും കേന്ദ്ര സമുന്ദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം നൽകുന്നുണ്ട്. നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്നു ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട് മംഗലം ഡാം, തൃശൂര്‍ ഷോളയാര്‍ ഡാം, ഇടുക്കി കുണ്ടള ഡാം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 1758.45 മീറ്ററാണ് കുണ്ടള ഡാമിലെ നിലവിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 94.6 ശതമാനം വെള്ളമാണ് ഡാമിലുള്ളത്. ഷോളയാറില്‍ 2661.30അടി വെള്ളമാണ് നിലവിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 96.77 ശതമാനം വെള്ളമാണ് ഷോളയാറിലുള്ളത്. മംഗലം ഡാമില്‍ 77.50 മീറ്ററാണ് നിലവിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 92 ശതമാനമാണ് മംഗലം ഡാമിലുള്ളത്. പെരിങ്ങല്‍കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മഴ ശക്തമായ സാഹചര്യത്തിൽ തെന്മല ഡാമിന്‍റെ ഷട്ടർ ചൊവ്വാഴ്ച തുറക്കും. ഉച്ചക്ക് 12 മണിക്ക് മൂന്ന് ഷട്ടർ 30 സെന്‍റീമീറ്റർ വീതം തുറന്ന് അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കിവിടും. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു.
English Summary: Rain: Schools closed where relief centers are operating, red alert at three dams
You may also like this video