Site iconSite icon Janayugom Online

നേമത്ത് സ്ഥാനാര്‍ത്ഥിയാണെന്നുള്ള രാജീവ് ചന്ദ്രശേഖറിന്റെ സ്വയം പ്രഖ്യാപനം : ബിജെപിയില്‍ അടി തുടങ്ങി

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ നിന്നും താന്‍ മത്സരിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ സ്വയം പ്രഖ്യാപനം ബിജെപിയില്‍ പ്രതിഷേധം ഉയരുന്നു. ചന്ദ്രശേഖരനെ വിമര്‍ശിച്ച് പലരും രംഗത്തു വന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ആണെന്നു പറയുന്ന അദ്ദേഹത്തിന് ബിജെപിയുടെ സംഘടനാ സംവിധാനം ഒന്നും അറിയില്ലെന്നും പ്രവര്‍ത്തകരില്‍ പലരും തുറന്നടിച്ചിരിക്കുകയാണ്. 

അദ്ദേഹം പാര്‍ട്ടിയുടെ സംഘടനാ രീതികളാണ് തെറ്റിച്ചിരിക്കുന്നത്. ബിജെപിയുടെ കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. വ്യക്തികളല്ല പാര്‍ട്ടിയുടെ രീതികളാണ് പ്രധാനം എന്നാണ് രാജീവ് ചന്ദ്രശേഖറിനെ എതിര്‍ക്കുന്ന വിഭാഗത്തിലെ നേതാക്കള്‍ പറയുന്നത്, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഹായത്താല്‍ ബിജെപിയിലെ ഒ രാജഗോപാലാണ് നേമത്ത് വിജയിച്ചത്. എന്നാല്‍ 2021ലെ തെരഞ്ഞെടുപ്പില്‍ വി ശിവന്‍കുട്ടിയിലൂടെ എല്‍ഡിഎഫ് തിരിച്ചു പിടിച്ച് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചു.

നേമത്ത് ഇത്തവണ മത്സരിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നേമം തനിക്ക് പ്രിയപ്പെട്ട മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് ശേഷം ബിജെപിയുടെ കേന്ദ്ര പാർലമെന്ററി ബോർഡ് പ്രഖ്യാപനം നടത്തുന്നതാണ് ബിജെപിയിലെ രീതി. എന്നാൽ പതിവ് രീതിക്ക് വിപരീതമായി സംസ്ഥാന അധ്യക്ഷൻ തന്റെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുകയായിരുന്നു.

വിഷയത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കടക്കം കടുത്ത അമർഷമുണ്ട്. പാർട്ടി രീതികൾക്ക് വിരുദ്ധമാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്ഥാനാർത്ഥി നിർണയം പോലും പാർട്ടി രീതികൾ അനുസരിച്ചാണ് നടന്നത്. പാർട്ടിയുടെ രീതികളാണ് പ്രധാനം അല്ലാതെ വ്യക്തികളല്ല എന്ന കാര്യം രാജീവ് ചന്ദ്രശേഖർ മറന്നുവെന്നും നേതാക്കൾ ഉന്നയിക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയതു മുതല്‍ പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി അണികള്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ അദ്ദേഹം പ്രാധാന്യം നല്‍കുന്നില്ലെന്നും കോര്‍പ്പറേറ്റ് മുതലാളിയായിട്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നും എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെടുന്നു

Exit mobile version