Site iconSite icon Janayugom Online

നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡിമരണക്കേസിലെ പ്രതിയായ എസ്ഐ മരിച്ചു

രാജ്കുമാർ കസ്റ്റഡിമരണക്കേസിലെ പ്രതിയും സസ്പെന്‍ഷനിലായ എഎസ്ഐയുമായ റോയ് പി വർഗീസ് ഹൃദായാഘാതത്തെ തുടർന്ന് മരിച്ചു.

രാജ്കുമാർ കേസിൽ റോയി അടക്കം ഒമ്പത് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എസ്ഐ കെ എ സാബു (ഒന്നാം പ്രതി), എഎസ്ഐ സി ബി റെജിമോൻ, പൊലീസ് ഡ്രൈവർമാരായ സിപിഒ പി എസ് നിയാസ്, സീനിയർ സിപിഒ സജീവ് ആന്റണി, ഹോം ഗാർഡ് കെ എം ജയിംസ്, സിപിഒ ജിതിൻ കെ ജോർജ്, സീനിയർ സിപിഒ ബിജു ലൂക്കോസ്, സിപിഒ ഗീതു ഗോപിനാഥ് എന്നിവരാണ് റോയിയെ കൂടാതെ കുറ്റപത്രത്തിൽ പ്രതിസ്ഥാനത്തുള്ളത്.

പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് സർക്കാർ അനുമതി നല്‍കിയിരുന്നു. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്റ പ്രതിപ്പട്ടികയില്‍ എഎസ്ഐ റോയ് പി വർഗീസും ബിജു ലൂക്കോസ്, ഗീതു ഗോപിനാഥ് എന്നീ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നില്ല. സിബിഐയാണ് ഇവരെ പ്രതിപ്പട്ടികയിൽ ചേർത്തത്.

2019 ജൂൺ മാസം 12 മുതൽ 16 വരെ കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ രണ്ടാമത്തെ നിലയിൽ കസ്റ്റഡിയിൽ വച്ചു മർദിച്ചതാണ് കേസ്. തൂക്കുപാലത്തെ സാമ്പത്തികത്തട്ടിപ്പ് കേസിലാണ് രാജ്കുമാർ റിമാൻഡിലായത്. പീരുമേട് സബ് ജയിലിൽ വച്ചായിരുന്നു അന്ത്യം. രാജ്കുമാറിന്റെ മരണത്തെക്കുറിച്ചും മരണത്തിനു കാരണമായ പൊലീസ് കേസിനെക്കുറിച്ചും രാജ്കുമാർ ഉൾപ്പെടെയുള്ള സംഘം തട്ടിപ്പ് നടത്തിയെന്നു പറയപ്പെടുന്ന ഹരിത ഫിനാൻസ് സ്ഥാപനത്തെക്കുറിച്ചും സിബിഐ അന്വേഷണം നടത്തിവരികയാണ്.

Eng­lish Sam­mury: Nedunkan­dam Rajku­mar Cus­tody Death-Accused SI Roy died

Exit mobile version