Site iconSite icon Janayugom Online

അമേരിക്കയില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ നാടുകടത്തല്‍ രാജ്യസഭ ചർച്ചചെയ്യണം; പി സന്തോഷ് കുമാര്‍ എംപി നോട്ടീസ് നൽകി

അമേരിക്കയില്‍ നിന്നും ഇന്ത്യന്‍ പൗരന്‍മാരെ നാടുകടത്തല്‍ രാജ്യസഭ അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ പി സന്തോഷ് കുമാര്‍ ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കി. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പൗരന്‍മാരെ നാടുകടത്തുന്ന വിഷയം സഭ അടിയന്തിരമായി ചര്‍ച്ച ചെയ്യണം. ഇന്ത്യാക്കാരെ നാടുകടത്തുന്ന രീതി, ഏതു തരത്തിലാണ് വിദേശത്ത് ഇന്ത്യന്‍ പൗരന്മാരെ പരിഗണിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തന്ത്രപരമായ പ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ ഇനിയും ഉണ്ടായിട്ടില്ല. ഇന്ത്യയുടെ പരാമാധികാരത്തെ ചോദ്യം ചെയ്താണ് അമേരിക്കന്‍ വിമാനം നാടുകടത്തപ്പെട്ട ഇന്ത്യക്കാരുമായി അമൃത്സറില്‍ പറന്നിറങ്ങിയത്. ഇത്തരത്തില്‍ നാടുകടത്തപ്പെട്ടവരെയും വഹിച്ചുള്ള വിമാനത്തിന് ലാന്റുചെയ്യാന്‍ കൊളംബിയ അനുമതി നിഷേധിച്ച കാര്യവും പരിഗണിക്കേണ്ടതുണ്ട്. അമേരിക്കയില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ മടക്കി കൊണ്ടുവരേണ്ടത് അനിവാര്യമെങ്കില്‍ അതിനായി ഇന്ത്യന്‍ സര്‍ക്കാരിന്റെ സൗകര്യങ്ങളും സന്നാഹങ്ങളുമാണ് ഉപയോഗപ്പെടുത്തേണ്ടത്. ഇനിയും നാടുകടത്തല്‍ ഭീഷണി നേരിടുന്ന ഇന്ത്യക്കാരെ അന്തസ്സോടെ മടക്കി കൊണ്ടുവരണമെന്നും ഈ വിഷയം അമേരിക്കന്‍ ഭരണകൂടവുമായി ഉന്നത തലത്തില്‍ ഉയര്‍ത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പി സന്തോഷ് കുമാര്‍ എം പി നോട്ടീസില്‍ വ്യക്തമാക്കി .

Exit mobile version