പാർട്ടിക്കിടെ തന്നെ ബലാത്സംഗം ചെയ്തുവെന്ന സ്ത്രീയുടെ പരാതിയിൽ ടിവി സീരിയൽ നടൻ ആഷിഷ് കപൂറിനെ ഡൽഹി പൊലീസ് പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്തു.
സമൂഹമാധ്യമത്തിലൂടെയാണ് പരാതിക്കാരിയും ആഷിഷുമായി പരിചയപ്പെടുന്നതെന്നും ഓഗസ്റ്റ് പകുതിയോടെ ഡൽഹിയിൽ വച്ച് നടന്ന ഒരു പാർട്ടിക്കിടെയാണ് പീഡനം നടന്നതെന്നും പൊലീസ് പറഞ്ഞു.
കപൂർ ശുചിമുറിയിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. ആഷിഷ് കപൂർ, ഇയാളുടെ സുഹൃത്ത്, സുഹൃത്തിൻറെ ഭാര്യ എന്നിവർക്കെതിരെയാണ് ആദ്യ എഫ്ഐആർ ഫയൽ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ പരാതിക്കാരി പിന്നീട് മൊഴി മാറ്റുകയും ആഷിഷ് മാത്രമാണ് തന്നെ പീഡിപ്പിച്ചതെന്ന് പറയുകയുമായിരുന്നു. സംഭവത്തിൻറെ വീഡിയോയും പകർത്തിയിരുന്നുവെന്ന് യുവതി പറഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള ദൃശ്യങ്ങളൊന്നും ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

