Site iconSite icon Janayugom Online

ബലാത്സംഗത്തിന് ഇരയും ഉത്തരവാദി; വിവാദ വിധിയുമായി വീണ്ടും അലഹബാദ് ഹൈക്കോടതി

ബലാത്സംഗ കേസിൽ വീണ്ടും വിവാദ വിധിയുമായി അലഹബാദ് ഹൈക്കോടതി. ഇര പ്രശ്നം ക്ഷണിച്ച് വരുത്തിയതാണെന്ന് കാട്ടി ബലാത്സംഗ കേസിൽ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. 2024 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. ജസ്റ്റിസ് സഞ്ജയ് കുമാർ സിങ്ങാണ് വിധി പറഞ്ഞത്. 

ബിരുദാനന്തര വിദ്യാര്‍ത്ഥിയായ യുവതി ഡൽഹിയിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. സെപ്റ്റംബർ 21 ന് യുവതിയും സുഹൃത്തുക്കളും ഹൗസ് ഖാസിലെ ഒരു റെസ്റ്റോറന്റിൽ പോയി പുലർച്ചെ മൂന്ന് മണി വരെ മദ്യപിച്ചു. മദ്യ ലഹരിയിൽ താമസ സ്ഥലത്തേക്ക് മടങ്ങാനാവാതെ വന്നതോടെ ഇര തന്നെ പ്രതിയുടെ വീട്ടിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം തന്നെ ബന്ധുവിന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
ആരോപണം വിശ്വസനീയമല്ലെന്നും തെളിവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. കേസിലെ വസ്തുതകൾ പരിഗണിക്കുമ്പോഴിത് ബലാത്സംഗമല്ല, ഉഭയ സമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
ഇരുവരും പ്രായപൂർത്തിയായവരാണ്. അതിജീവിത ബിരുദാനന്തര വിദ്യാർത്ഥിനിയായതിനാൽ, അവളുടെ പ്രവൃത്തിയുടെ ധാർമ്മികതയും പ്രാധാന്യവും മനസിലാക്കാൻ കഴിവുണ്ടായിരുന്നു. ഇരയുടെ ആരോപണം ശരിയാണെന്ന് അംഗീകരിക്കപ്പെട്ടാലും, അവൾ തന്നെ കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തിയതാണെന്നും അതിന് അവൾ കൂടി ഉത്തരവാദിയാണെന്നും പറയേണ്ടിവരുമെന്നും പ്രതി നിശ്ചൽ ചന്ദകിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ജഡ്ജി പറഞ്ഞു. 

നിശ്ചൽ ഡിസംബർ 11 മുതൽ ജയിലിലാണ്. പ്രതിക്ക് നേരത്തെ യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ല. ജാമ്യം ദുരുപയോഗം ചെയ്യില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ ഉറപ്പ് നൽകിയെന്നും ജസ്റ്റിസ് സിങ് ഉത്തരവില്‍ പറയുന്നു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന വിധിക്ക് പിന്നാലെയാണ് വീണ്ടും അലഹബാദ് കോടതിയുടെ വിവാദ വിധി. 

Exit mobile version