പക്ഷിക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘം കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. ഇന്നലെ കൊച്ചി വിമാനത്താവളത്തിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗേജ് വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. ബാഗേജില്‍ നിന്നും ചിറകടി ശബ്ദം കേട്ടതിനെത്തുടര്‍ന്ന് ഇത് തുറന്ന് പരിശോധിച്ചപ്പോള്‍ വേഴാമ്പല്‍ ഉള്‍പ്പെടെയുള്ള 14 ഇനം അപൂര്‍വ പക്ഷികളെയാണ് ഇവരുടെ ബാഗേജില്‍ നിന്നും കണ്ടെടുത്തത്. 25,000 മുതല്‍ 2 ലക്ഷം രൂപ വരെ വില വരുന്ന 3 പക്ഷികളാണ് ഇവ.
വിശദ പരിശോധനയ്ക്കായി പക്ഷികളെയും യാത്രക്കാരെയും വനംവകുപ്പിന് കൈമാറി. കസ്റ്റംസും വനംവകുപ്പും ചേര്‍ന്ന് പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 75,000 രൂപ പ്രതിഫലത്തിനായാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നിലവില്‍ ഡോക്ടര്‍മാരുടെയും പക്ഷി വിദഗ്ധരുടെയും പരിചരണത്തില്‍ കഴിയുന്ന അപൂര്‍വയിനം പക്ഷികളെ മറ്റ് നടപടികള്‍ക്ക് ശേഷം മാതൃരാജ്യത്തേക്ക് തിരിച്ചയക്കും.