Site iconSite icon Janayugom Online

പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ

അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്താതെ പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റീപ്പോ നിരക്ക് 5.50 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി.
പലിശ കുറയ്ക്കാന്‍ സാധ്യതകള്‍ ഉണ്ടായിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളുടെ ആശങ്ക നിരക്ക് നിലനിര്‍ത്താന്‍ പണനയ നിര്‍ണയ സമിതിയെ (എംപിസി) നിര്‍ബന്ധിതമാക്കുകയായിരുന്നു. ഫെബ്രുവരിയിലും ഏപ്രിലിലും ജൂണിലുമായി റീപ്പോ നിരക്ക് ഒരു ശതമാനം കുറച്ചിരുന്നു. നിരക്കില്‍ മാറ്റം വരുത്താത്തത് വായ്പകളുടെ പലിശനിരക്കില്‍ കുറവുണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കി. ഭവന, വാഹന, വ്യക്തിഗത വായ്പാ ഇടപാടുകാരുടെ തിരിച്ചടവ് ഭാരം കുറയില്ല.

പണപ്പെരുപ്പം കുറയുന്ന സാഹചര്യമാണ് വിപണിയിൽ നിലനിൽക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മൽഹോത്ര പറഞ്ഞു. പണപ്പെരുപ്പ പ്രവചനം 3.7 ശതമാനമെന്ന മുന്‍ എസ്റ്റിമേറ്റില്‍ നിന്ന് 3.1 ശതമാനമായി കുറച്ചു. അതേസമയം യുഎസ് ഇന്ത്യക്കുമേൽ അധിക തീരുവ ചുമത്തുന്നത് കയറ്റുമതിയെ ബാധിച്ചേക്കാമെന്ന ആശങ്കയുണ്ടെന്നും മൽഹോത്ര ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ അനിശ്ചിതത്വം രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

Exit mobile version