Site iconSite icon Janayugom Online

ഹിമാചലില്‍ വിമതപ്പട: ബിജെപിയും കോൺഗ്രസും പ്രതിസന്ധിയില്‍

NaddaNadda

ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പിൽ നേർക്കുനേർ പോരാടുന്ന ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും വിമത ഭീഷണിയിൽ. വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളിൽ അഞ്ചിലൊന്നിലും ഇരു പാർട്ടിയിലെയും ടിക്കറ്റ് നിഷേധിക്കപ്പെട്ട മുൻ മന്ത്രിമാർ, എംപിമാർ, നിയമസഭാംഗങ്ങൾ എന്നിവർ പത്രിക സമർപ്പിച്ചിട്ടുണ്ട്. 68 അംഗ നിയമസഭയിലേക്ക് 561 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഇതിൽ 20 വീതം സീറ്റുകളിലെങ്കിലും വിമതർ മത്സരിക്കുന്നു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ഏറ്റവും വലിയ പൊട്ടിത്തെറി ബിജെപിയിലാണ്. 11 ഓളം സിറ്റിങ് എംഎൽഎമാരെയും മന്ത്രിമാരെയും പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ജില്ലയായ മാണ്ഡിയിൽ ഉൾപ്പെടെ ടിക്കറ്റ് ലഭിക്കാത്തവർ സ്വതന്ത്ര സ്ഥാനാർത്ഥികളായി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം കുളു സദർ സ്ഥാനാർത്ഥിയെ ബിജെപിക്ക് മാറ്റേണ്ടി വന്നു. മഹേശ്വർ സിങ്ങിനെയാണ് മാറ്റിയത്. അദ്ദേഹത്തിന്റെ മകൻ ഹിതേശ്വർ ബഞ്ചാർ സീറ്റിൽ സ്വതന്ത്രനായി പത്രിക സമർപ്പിച്ചതിനെ തുടർന്നാണ് സിങ്ങിനെ ഒഴിവാക്കിയത്. നരോത്തം ഠാക്കൂർ ആണ് ബിജെപി സ്ഥാനാർത്ഥി. സീറ്റ് റദ്ദാക്കിയതിനെത്തുടർന്ന്, ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാൻ മഹേശ്വർ സിങ് തന്റെ അനുയായികളുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.
മുൻ കേന്ദ്രമന്ത്രിയുടെ മകൻ അനിൽ ശർമയ്ക്ക് മാണ്ഡി സീറ്റ് നൽകിയതിലും പലരും തൃപ്തരല്ല. മുൻ സംസ്ഥാന മീഡിയ ഇൻചാർജും മുൻ സംസ്ഥാന സെക്രട്ടറിയുമായ പ്രവീൺ ശർമ പാർട്ടിയിൽ നിന്ന് രാജി വച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. മറ്റൊരു മുൻ ബിജെപി എംപി കിർപാൽ സിങ് പാർമർ ഫത്തേപൂരിൽ വിമതനാണ്. നൂർപൂരിൽ നിന്ന് മാറ്റിയ വനം മന്ത്രി രാകേഷ് പതാനിയ സ്വതന്ത്രനായി പത്രിക സമർപ്പിച്ചു.
കിന്നൗറിൽ തേജ്വന്ത് നേഗി, നലഗഡിൽ കെ എൽ ഠാക്കൂർ, സുന്ദർ നഗറിൽ അഭിഷേക് ഠാക്കൂർ, ബിലാസ്‍പുരിൽ സുഭാഷ് ശർമ, ധർമശാലയിൽ വിപിൻ നെഹ്റിയ, ഇൻഡോറയിൽ മനോഹർ ധിമാൻ, ചമ്പയിൽ ഇന്ദ്ര കപൂർ, ബദ്സറിൽ സഞ്ജീവ് ശർമ, രോഹ്റുവിൽ രജീന്ദർ ധീർത്ത, ഝന്ദുട്ടയിൽ രാജ് കുമാർ കൗണ്ടൽ എന്നിവരും വിമതരായി മത്സരിക്കുന്നു.
കോൺഗ്രസിലാകട്ടെ രണ്ട് മുൻ മന്ത്രിമാരും 18 മുൻ എംഎൽഎമാരും വിമതരായി രംഗത്തുണ്ട്. പച്ചാഡിൽ ഏഴ് തവണ എംഎൽഎയും മുൻ മന്ത്രിയുമായ ഗംഗു റാം മുസാഫിർ പത്രിക നല്കി. ചിന്ത്പൂർണിയിലെ കുൽദീപ് കുമാറാണ് വിമതനായ മറ്റൊരു മുൻ കോൺഗ്രസ് മന്ത്രി. 30 വർഷത്തോളമായി സജീവ രാഷ്ട്രീയത്തിൽ തുടരുകയും ആറ് തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയും ചെയ്ത കുമാറിന് ഇത്തവണ പാർട്ടി ടിക്കറ്റ് നിഷേധിച്ചു. സുള്ളയിൽ ജഗ്ജീവൻ പാൽ, ചോപ്പാലിൽ സുഭാഷ് മംഗ്ലെറ്റ്, ബിലാസ്‍പൂരിൽ തിലക് രാജ്, ഝന്ദൂട്ടയിൽ ബിരു റാം കിഷോർ, തിയോഗിൽ വിജയ് പാൽ ഖാച്ചി, ആനിയിൽ പരസ് റാം, നാചനിൽ ലാൽ സിങ് കൗശൽ തുടങ്ങിയവരും സ്വതന്ത്രരായി പത്രിക നൽകിയിട്ടുണ്ട്.
2017 ൽ പോൾ ചെയ്ത വോട്ടുകളിൽ 48.8 ശതമാനം ബിജെപി നേടിയപ്പോൾ കോൺഗ്രസിന് 41.7 ശതമാനമാണ് ലഭിച്ചത്. പല മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിലാണ് ഇരു പാർട്ടികളും ജയിച്ചത് എന്നതുകൊണ്ട് വിമതരുടെ സാന്നിധ്യം ഫലത്തെ സ്വാധീനിക്കും. 

Eng­lish Sum­ma­ry: Rebel army in Himachal: BJP and Con­gress in crisis

You may like this video also

YouTube video player
Exit mobile version