ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടെ ഇന്ത്യന്‍ ബാങ്കുകള്‍ക്കും മുന്നറിയിപ്പ്, അപകടസാധ്യതകൾ വിലയിരുത്തി വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടു. സാമ്പത്തികമാന്ദ്യം പിടിമുറുക്കിയതോടെ ആഗോള ബാങ്കിങ് മേഖല പ്രതിസന്ധിയിലാണ്. യുഎസിലെ സിലിക്കണ്‍വാലി, പ്രധാന സ്വിസ് ബാങ്കുകളിലൊന്നായ ക്രെഡിറ്റ് സ്യൂസ് എന്നിവയുടെ തകര്‍ച്ച ലോക സാമ്പത്തികക്രമത്തിന് തന്നെ വലിയ സമ്മര്‍ദ്ദമേല്പിച്ചിട്ടുണ്ട്.
അടുത്തിടെ ഓഹരിവിലയില്‍ വന്‍ ഇടിവു നേരിടുന്ന ജര്‍മ്മനിയിലെ ദോയിഷ് ബാങ്കും മറ്റൊരു പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. വായ്പകളും നിക്ഷേപരീതിയും കിട്ടാക്കടവുമടക്കം വിവിധ സാമ്പത്തിക സൂചകങ്ങള്‍ വിലയിരുത്തി മുന്‍കരുതല്‍ സ്വീകരിക്കാനാണ് ധനമന്ത്രി പൊതുമേഖലാ ബാങ്കുകളുടെ മേധാവികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ധനവകുപ്പ് സഹമന്ത്രി ഭഗവത് കരാഡ്, ധനവകുപ്പ് സെക്രട്ടറി വിവേക് ജോഷി, എസ്ബിഐ, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തെ തന്നെ ബാങ്കുകളുടെ സര്‍ക്കാര്‍ ബോണ്ടുകളിലെ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
English Summary;Recession: Finance Minister to take warning and precautions for India too
You may also like this video