അലയടിച്ച തിരമാലകൾക്കും മീതെ ആവേശക്കടലൊരുക്കി അടിവച്ചു നീങ്ങിയ ചുവപ്പുസേനാ വോളണ്ടിയർമാർ ആലപ്പുഴ കടപ്പുറത്തെ ജനസാഗരമാക്കി. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന റാലിയും പൊതുസമ്മേളനവും ചെങ്കൊടിത്തിളക്കത്തിൽ പൗരാണിക നഗരമായ ആലപ്പുഴയെ അതുല്യപ്രഭയിലാഴ്ത്തി. കടപ്പുറത്ത് സജ്ജീകരിച്ച അതുൽ കുമാർ അഞ്ജാൻ നഗറിൽ നടന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു.
പൊതു റാലി ഒഴിവാക്കി റെഡ് വോളണ്ടിയർമാരുടെ പരേഡ് മാത്രമാണ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയതെങ്കിലും ഇന്നലെ വൈകിട്ട് ആലപ്പുഴയിലെ നഗരവീഥികളും നാട്ടിടവഴികളും ആവേശത്തിലമർന്നു. നഗരത്തിൽ നിന്ന് ബീച്ചിലേക്കുള്ള പാതയിലെ മുപ്പാലത്തു നിന്നാണ് പരേഡ് ആരംഭിച്ചത്. എന്നാൽ വൈകിട്ട് മൂന്ന് മണിയോടെ മുപ്പാലത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വിധം ചുവപ്പ് സേനാംഗങ്ങൾ തിങ്ങി നിറഞ്ഞതോടെ സമീപത്തെ ചെറുകവലകളും പരേഡിന്റെ വേദിയായി. പൊലീസ് നേരത്തേ തന്നെ ഗതാഗതം ക്രമീകരിച്ചിരുന്നതിനാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായില്ല.
പതിനായിരത്തിലേറെ വോളണ്ടിയർമാരാണ് ബീച്ചിലേക്ക് മാർച്ച് ചെയ്തത്. പരേഡിൽ വനിതാ വോളണ്ടിയർമാരുടെ പങ്കാളിത്തം ശ്രദ്ധേയമായി. പരേഡ് വീക്ഷിക്കാൻ വീഥികൾക്കിരുവശവും ജനങ്ങൾ തിങ്ങി നിറഞ്ഞതോടെ മഹാസമ്മേളനം ചരിത്രമുഹൂർത്തമായി. പരേഡിൽ പങ്കെടുത്ത വോളണ്ടിയർമാരിൽ പകുതിയോളം ആലപ്പുഴ ജില്ലയിൽ നിന്നുള്ളവരായിരുന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റെഡ് വോളണ്ടിയർ ക്യാപ്റ്റൻ ആർ രമേശന് ചുവപ്പ് സേനാ മാർച്ചിന് മുമ്പ് കൈമാറിയ പതാക ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി പൊതുസമ്മേളന വേദിയിൽ ഏറ്റുവാങ്ങി. ചുവപ്പുസേനയുടെ സല്യൂട്ട് ജനറൽ സെക്രട്ടറി ഡി രാജ സ്വീകരിച്ചു. തുറന്ന ജീപ്പിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സ്വാഗത സംഘം ചെയർമാൻ മന്ത്രി പി പ്രസാദ്, ജില്ലാ സെക്രട്ടറി എസ് സോളമൻ, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി ജെ ആഞ്ചലോസ് എന്നിവർ ചുവപ്പുസേനയെ നയിച്ചു. രക്തസാക്ഷികളുടെ സ്മരണകളിരമ്പുന്ന ആലപ്പുഴയുടെ മണ്ണിലേക്ക് 43 വർഷത്തിനു ശേഷം എത്തിയ സമ്മേളനം അനുപമമായ ഓർമ്മകളാണ് ഈ നഗരത്തിന് നൽകിയത്. വിവിധ സർവീസ് സംഘടനകളും ട്രേഡ് യൂണിയനുകളും വഴിയോരത്തു കാത്തുനിന്ന് പരേഡിനെയും സമ്മേളനത്തെയും അഭിവാദ്യം ചെയ്തു.

