Site iconSite icon Janayugom Online

എന്‍ടിആര്‍ഒയുടെ നിയന്ത്രണം; അമിത് ഷാ പിഎംഒ ഭിന്നത

amit shahamit shah

ദേശീയ സാങ്കേതിക രഹസ്യാന്വേഷണ സംഘടനയുടെ (എന്‍ടിആര്‍ഒ) പുതിയ മേധാവിയെ നിയമിക്കുന്നതിനെച്ചൊല്ലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും പ്രധാനമന്ത്രിയുടെ ഓഫിസും തമ്മില്‍ ഭിന്നത. പിഎംഒയില്‍ ഉള്‍പ്പെട്ട ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശം ആഭ്യന്തര വകുപ്പ് നിരന്തരം തള്ളിയെന്നാണ് റിപ്പോര്‍ട്ട്.

കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ സിന്‍ഹയാണ് നിലവിലെ എന്‍ടിആര്‍ഒ മേധാവി. നേരത്തേ ആറ് മാസം കാലാവധി നീട്ടി നല്‍കിയ സിന്‍ഹ ഒക്ടോബര്‍ 31ന് വിരമിക്കേണ്ടതായിരുന്നു. എന്നാല്‍ ഡിസംബര്‍ 31വരെ വീണ്ടും കാലാവധി നീട്ടി. കേന്ദ്ര റിസര്‍വ് പൊലീസ് സേനാ മേധാവി അനീഷ് ദയാല്‍ സിങ്ങിനെ എന്‍ടിആര്‍ഒ മേധാവിയാക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നെങ്കിലുംപ്രധാനമന്ത്രിയുടെ ഓഫിസ് കഴിഞ്ഞ മാസം ഫയല്‍ തിരിച്ചയച്ചു.
അമിത്ഷായും അജിത് ഡോവലും തമ്മിലുള്ള അഭിപ്രായഭിന്നത പുറത്തറിയാതിരിക്കാന്‍ ഫയലില്‍ ഒരു അഭിപ്രായവും രേഖപ്പെടുത്താതെയാണ് മടക്കി നല്‍കിയത്. അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ പേരുകള്‍ പരിഗണിക്കുമെന്നാണ് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 

രാജ്യത്തെ സാങ്കേതിക രഹസ്യാന്വേഷണ വിഭാഗമായ എന്‍ടിആര്‍ഒ, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള ദേശീയ സുരക്ഷാ കൗണ്‍സിലിനാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. എന്നാല്‍ അമിത്ഷായുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിന് തടയിടാനാണ് ശ്രമിക്കുന്നത്. ഇതാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് വഴിയൊരുക്കിയത്.
2023 സെപ്റ്റംബറില്‍ ഡോവലിന്റെ നേതൃത്വത്തിലുള്ള ദേശീയ സുരക്ഷാ കൗണ്‍സില്‍ എന്‍ടിആര്‍ഒ മേധാവി സ്ഥാനത്തേക്ക് രണ്ട് പേരുകള്‍ ശുപാര്‍ശ ചെയ്തതോടെയാണ് ഭിന്നത തുടങ്ങിയത്. റെയില്‍വേ സുരക്ഷാ സേന മേധാവി മനോജ് യാദവ്, ജമ്മു കശ്മീര്‍ സിഐഡി സ്പെഷ്യല്‍ ഡയറക്ടര്‍ ജനറലായിരുന്ന രശ്മി രഞ്ജന്‍ സ്വയിന്‍ എന്നിവരെയാണ് ശുപാര്‍ശ ചെയ്തിരുന്നത്. മനോജ് യാദവയുടെ സേവനം റെയില്‍വേക്ക് അത്യന്താപേക്ഷിതമാണ് എന്നുപറഞ്ഞ് ആഭ്യന്തരമന്ത്രാലയം നിരസിച്ചു.
ഹരിയാന പൊലീസ് മുന്‍ മേധാവിയായിരുന്ന യാദവ അന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ വിജുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഐബിയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയിരുന്നു. 

റോയില്‍ 15 വര്‍ഷം സേവനം അനുഷ്ഠിച്ച രശ്മി രഞ്ജന്‍ സ്വയിനെയും വിട്ടുതരാനാകില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നവംബറില്‍ ജമ്മു കശ്മീര്‍ പൊലീസ് ഡയറക്ടറുടെ അധികച്ചുമതലയും സ്വയിന് നല്‍കി. കഴിഞ്ഞമാസം അദ്ദേഹം വിരമിക്കുകയും ചെയ‍്തു.
കാബിനറ്റ് സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഒരു പ്രതിനിധി, റോ, ഇന്റലിജന്‍സ് ബ്യൂറോ, ആഭ്യന്തര സെക്രട്ടറി, ഓഫിസ് ഓഫ് പേഴ്സണല്‍ ട്രെയിനിങ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റിയാണ് എന്‍ടിആര്‍ഒ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകള്‍ പരിശോധിക്കുന്നത്. അജിത് ഡോവലിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ പട്ടികയില്‍ നിന്ന് പുറത്തായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടുത്തിടെ അനീഷ് ദയാല്‍ സിങ്ങിന്റെ പേര് മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അത് തള്ളിക്കളഞ്ഞു.
ഒരു സാങ്കേതികവിദഗ്ധനെ എന്‍ടിആര്‍ഒയുടെ തലപ്പത്തേക്ക് കൊണ്ടുവരാനാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ശ്രമിക്കുന്നതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. വിരമിച്ച ഉദ്യോഗസ്ഥരെ പരിഗണിക്കേണ്ടെന്ന് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു. 

Exit mobile version