Site icon Janayugom Online

ബിജെപി പ്രചാരണത്തിനായി റിലയന്‍സ് സ്ഥാപനവും

ബിജെപിയ്ക്ക് വേണ്ടി ഫേസ്ബുക്കില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തിയത് റിലയന്‍സിന്റെ കീഴിലുള്ള സ്ഥാപനം. നിയമത്തിലെയും ചട്ടങ്ങളിലെയും പഴുതുകളുപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ അജണ്ടകള്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് വോട്ടര്‍മാരിലേക്കാണ് ബിജെപിക്ക് എത്തിക്കാന്‍ കഴിഞ്ഞത്.

മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്ഫോംസിന്റെ അനുബന്ധ കമ്പനിയായ ന്യൂ എമേര്‍ജിങ് വേള്‍ഡ് ഓഫ് ജേണലിസം ലിമിറ്റഡി(ന്യൂജ്)ന്റെ ഫേസ്ബുക്ക് പേജിലാണ് തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കാലഘട്ടത്തില്‍ ബിജെപിയ്ക്ക് അനുകൂലമായും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് എതിരായുമുള്ള തെറ്റായ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. വാര്‍ത്തയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നിരവധി വീഡിയോകളും പോസ്റ്റുകളുമാണ് ന്യൂജ് പണമടച്ച് സ്പോണ്‍സര്‍ ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ ദശലക്ഷക്കണക്കിന് പേരിലേക്ക് എത്തിയത്.

പ്രഗ്യാ സിങ് താക്കൂറിനെ 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍, അവര്‍ തീവ്രവാദ കേസില്‍ നിന്ന് കുറ്റവിമുക്തയായി എന്ന തലക്കെട്ടോടെയായിരുന്നു ന്യൂജ് ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തയുണ്ടാക്കിയത്. മൂന്ന് ലക്ഷം പേരാണ് ഒരു ദിവസം കൊണ്ട് ആ വീഡിയോ കണ്ടത്. അതേസമയത്ത് തന്നെ രാഹുല്‍ ഗാന്ധിയുടെ ഒരു പ്രസംഗത്തെ വെട്ടിമുറിച്ച് വിരുദ്ധമായ രീതിയില്‍ പ്രചരിപ്പിക്കാനും ന്യൂജ് മുന്‍കയ്യെടുത്തു.

ബിജെപി തീവ്രവാദത്തോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പ്രസംഗത്തില്‍, മസൂദ് അസര്‍ എന്ന തീവ്രവാദിയെ രാഹുല്‍ ഗാന്ധി പരിഹാസദ്യോതകമായി അസര്‍ ജി എന്ന് പറഞ്ഞത് മാത്രം അടര്‍ത്തിയെടുത്തായിരുന്നു വീഡിയോ സൃഷ്ടിച്ചത്. രാഹുല്‍ ഗാന്ധി മസൂദ് അസറിനെ ‘അസര്‍ ജി’ എന്ന് പരാമര്‍ശിക്കുന്നു എന്ന തലക്കെട്ടിലുള്ള വീഡിയോയ്ക്ക് നാല് ദിവസം കൊണ്ട് 6,50,000 കാഴ്ചക്കാരാണ് ഉണ്ടായത്.

eng­lish summary;Reliance for the BJP campaign

you may also like this video;

Exit mobile version