‘പുഷ്പ 2’ സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ സിനിമാതാരം അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. ജസ്റ്റിസ് ജുവഡ്ഡി ശ്രീദേവി അധ്യക്ഷയായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു താരം.
ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച അല്ലു അർജുൻ എഫ്ഐആർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാൻ, മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി എന്നിവർ ഉൾപ്പെട്ട കേസ് ചൂണ്ടിക്കാട്ടിയായിരുന്നു അല്ലു അർജുന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നിരഞ്ജൻ റെഡ്ഡിയുടെ വാദം.