* ദേശീയതയെക്കുറിച്ച് മോഡിക്ക് മനസിലാവില്ല: രാഹുല്‍
* പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങണമെന്ന് പ്രിയങ്ക
കോണ്‍ഗ്രസ് 85-ാമത് പ്ലീനറി സമ്മേളനം സമാപനത്തിലേക്ക്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയം കീഴടക്കി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അവസാന നിമിഷങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ പാര്‍ട്ടിയുടെ മുന്നോട്ടുപോക്കിനുള്ള കാര്യപരിപാടിയായി മാറി. ഇന്ന് അവതരിപ്പിച്ച് അംഗീകരിച്ച രാഷ്ട്രീയ പ്രമേയവും കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രാധാന്യമേറിയതാണ്. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് പ്രമേയത്തില്‍ പറയുന്നു. പിന്നാക്ക വിഭാഗങ്ങളുടെ താല്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം കൊണ്ടുവരും. വനിത കമ്മിഷന് ഭരണഘടന പദവി നല്‍കും. ദുര്‍ബലരുടെ അന്തസ് സംരക്ഷിക്കാന്‍ ‘രോഹിത് വെമുല നിയമം’ കൊണ്ടുവരുമെന്നും പ്രമേയത്തിലുണ്ട്.
പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങണമെന്നാണ് ഇന്ന് ആദ്യം സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടത്. താഴേത്തട്ട് മുതൽ പ്രസ്ഥാനം ശക്തിപ്പെടണം. ഇതിനായി പ്രവർത്തകർ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവർത്തകർക്ക് ഊർജ്ജമാകണം. വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രവർത്തകര്‍ക്കുമുള്ളത്. പ്ലീനറി സമ്മേളനത്തിലെ ചർച്ചകൾ പൊതുജനങ്ങളിലേക്കെത്തണം. ഈ ചർച്ചകൾ ഇവിടെ അവസാനിക്കരുത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മിക്ക പ്രതീക്ഷകളും കോൺഗ്രസിൽ നിന്നാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു. പാർട്ടിയുടെ സന്ദേശവും സർക്കാരിന്റെ പരാജയങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ കോൺഗ്രസ് പ്രവർത്തകരെ പരിപാടിയിടണം. ഒറ്റക്കെട്ടായി പാർട്ടി മുൻപോട്ട് പോകുമെന്ന് പ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസംഗം തുടങ്ങിയത്. എല്ലാ ദിവസവും രാവിലെ ഞാൻ ചിന്തിക്കും, ഞാൻ എങ്ങനെ 3500 കിലോമീറ്റർ നടക്കുമെന്ന്? പക്ഷേ, ആളുകളുടെ കൂടെ നടന്നപ്പോൾ എന്റെ എല്ലാ അഹങ്കാരവും അപ്രത്യക്ഷമായി. കാരണം അതായിരുന്നു ഭാരത് മാതാവിന്റെ സന്ദേശം. എന്തുകൊണ്ടാണ് കശ്മീരി യുവാക്കൾ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്. ലക്ഷക്കണക്കിന് കശ്മീരി യുവാക്കളാണ് ഭാരത് ജോഡോ യാത്രയിൽ സ്വമനസ്സാലെ പങ്കെടുത്തത്. ഞാൻ (രാഹുൽ ഗാന്ധി) അവർക്കായി എന്റെ ഹൃദയം തുറന്നതുകൊണ്ടാണ് തങ്ങൾ അതിൽ പങ്കെടുക്കുന്നതെന്ന് അവർ പറഞ്ഞു, അവരും അത് തന്നെ ചെയ്യുന്നു. ലാല്‍ചൗക്കില്‍ കോണ്‍ഗ്രസ് ദേശീയ പതാക ഉയര്‍ത്തി. അങ്ങനെ കശ്മീരി യുവാക്കള്‍ക്ക് ദേശീയത എന്തെന്ന് കോണ്‍ഗ്രസ് മനസിലാക്കിക്കൊടുത്തു. ദേശീയതയെക്കുറിച്ച് മോഡിക്ക് മനസിലാവില്ല.
ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്ന രാഹുല്‍, നരേന്ദ്രമോഡിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. രാജ്യത്തിന്റെ മുഴുവൻ സമ്പത്തും ഒരാളുടെ കൈകളിൽ കേന്ദ്രീകരിക്കുകയാണ്. അഡാനിയെ സംരക്ഷിക്കുന്നത് എന്തിനാണ് എന്ന തന്റെ ചോദ്യത്തിന് പാര്‍ലമെന്റിലും പുറത്തും മോഡിക്ക് മറുപടിയില്ല. മന്ത്രിമാരും സര്‍ക്കാരും അഡാനിയെ സംരക്ഷിക്കുകയാണ്. മോഡിയും അഡാനിയും ഒന്നുതന്നെയാണ്. ആ സത്യം പുറത്തുകൊണ്ടുവരും വരെ പോരാടണം. ഈസ്റ്റിന്ത്യാ കമ്പനിയെ നേരിട്ടപോലെ അഡാനിയെയും നേരിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
English Sammury: AICC 85th plenary Session Priyanka Gandhi and Rahul Gandhi speech