Site iconSite icon Janayugom Online

122 ഓഫിസുകള്‍ക്ക് കൂടി നവീകരണം വില്ലേജ് കേരളം സ്മാര്‍ട്ട് പദ്ധതി അവസാനഘട്ടത്തിലേക്ക്

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളും ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതി അന്തിമഘട്ടത്തിലേക്ക്. 106 വില്ലേജ് ഓഫിസുകള്‍ കൂടി സ്മാര്‍ട്ട് ആക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇതിനായി 47.7 കോടി രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 16 വില്ലേജുകളുടെ പട്ടിക കൂടി ഉടന്‍ പുറത്തിറങ്ങും. 

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം 513 സ്മാർട്ട് വില്ലേജ് ഓഫിസുകളാണ് പൂര്‍ത്തീകരിച്ചത്. 184 എണ്ണത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഇനി സംസ്ഥാനത്ത് നൂറ് വില്ലേജ് ഓഫിസുകള്‍ മാത്രമാണ് സ്മാര്‍ട്ട് വില്ലേജ് പട്ടികയിലേക്ക് ബാക്കിയുള്ളത്. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മുഴുവന്‍ വില്ലേജുകളും സ്മാര്‍ട്ട് ആയി മാറ്റുമെന്ന് റവന്യു മന്ത്രി കെ രാജന്‍ വ്യക്തമാക്കി. 

പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം ഉൾപ്പെടെ നിർമ്മിച്ചാണ് സ്മാർട്ട് വില്ലേജ് ഓഫിസുകൾ ഒരുക്കുന്നത്. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഓഫിസുകളിലെ സൗകര്യക്കുറവ് പരിഹരിക്കുന്നതിനും സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമാണ് എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന് ആശയത്തോടെ സ്മാർട്ട് വില്ലേജ് ഓഫിസുകൾ എന്ന ആശയവുമായി റവന്യു വകുപ്പ് മുന്നോട്ടുവന്നത്. 

സ്ഥലസൗകര്യമുള്ള പുതിയ കെട്ടിടങ്ങള്‍, തടസമില്ലാത്ത നെറ്റ്‌വര്‍ക്കിങ് സൗകര്യങ്ങൾ, സുരക്ഷിതമായ റെക്കോഡ് റൂമുകൾ, ഉപയോക്തൃ സൗഹൃദ ഫ്രണ്ട് ഓഫിസ്, വെയിറ്റിങ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഗ്രാമീണ മേഖലയിലുള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വേഗത്തിലും തടസരഹിതവുമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും. 

Exit mobile version