അതിശൈത്യത്തിനിടയിലും മൂന്നാർ വന്യജീവി സങ്കേതത്തിൽ കാണപ്പെടുന്ന ജീവി വർഗ വൈവിധ്യം ആശാവഹമെന്ന് ഗവേഷകർ. ജന്തുജാല കണക്കെടുപ്പിൽ പുതുതായി കണ്ടെത്തിയത് 11 ഇനം പക്ഷികൾ ഉൾപ്പെടെ 24 ജീവികളെ. സംസ്ഥാന വനം വകുപ്പ് ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടിഎൻഎച്ച്എസ്) യുമായി സഹകരിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ഒമ്പത് ചിത്രശലഭവും അഞ്ച് തുമ്പികളുമാണ് സങ്കേതത്തിലെ പുതിയ അതിഥികൾ.
മതികെട്ടാൻ ചോല ദേശീയ ഉദ്യാനം, പാമ്പാടുംചോല ദേശീയ ഉദ്യാനം, ആനമുടി ദേശീയ ഉദ്യാനം, കുറിഞ്ഞിമല വന്യജീവി സങ്കേതം, ഇരവികുളം ദേശീയ ഉദ്യാനം, ചിന്നാർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലായിരുന്നു കണക്കെടുപ്പ്. സമുദ്രനിരപ്പിൽ നിന്ന് 500 മുതൽ 2,800 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽനിന്നാണ് ഇത്രയും ജീവജാലങ്ങളെ തിരിച്ചറിഞ്ഞത്.
ആകെ 217 പക്ഷികളെ സർവേയിൽ തിരിച്ചറിഞ്ഞു. ഇതിൽ 11 എണ്ണം പുതിയവയാണ്. ഇതോടെ മൂന്നാറിലെ പക്ഷികളുടെ എണ്ണം 258 ആയി. ബ്രൗണ്‍ ഹോക്ക് ഔള്‍ (പുള്ളുനത്ത്), ബാരെഡ് ബട്ടണ്‍ ക്വയിൽ (പാഞ്ചാലി കാട), പുള്ളി മൂങ്ങ, മോട്ടില്‍ഡ് വുഡ് ഓള്‍ (കാലങ്കോഴി), ബയ വീവര്‍ (ആറ്റക്കുരുവി), റെഡ് മുനിയ(കുങ്കുമക്കുരുവി), റിച്ചാര്‍ഡ്സ് പിപിറ്റ് (വലിയ വരമ്പന്‍), ജെര്‍ഡന്‍ ബുഷ്ലാര്‍ക്ക് (ചെമ്പന്‍പാടി), ഗോള്‍ഡന്‍ ഹെഡഡ്സിസ്റ്റിക്കോള (നെല്‍പൊട്ടന്‍), ലാര്‍ജ് ഗ്രേ ബാബ്ലര്‍ (ചാരച്ചിലപ്പന്‍), ചെസ്റ്റ്നട്ട് ബെല്ലിഡ് നട്ട്ഹാച്ച് (ഗൗളിക്കിളി) എന്നിവയാണ് പുതിയ പക്ഷികൾ.
ഇതിന് പുറമെ നീലഗിരി മരപ്രാവ്, മൗണ്ടന്‍ ഇംപീരിയല്‍ പീജിയന്‍ (പൊകണ പ്രാവ്), ഗ്രേറ്റ് ഈയര്‍ഡ് നൈറ്റ്ജാര്‍ (ചെവിയന്‍ രാച്ചുക്ക), സ്റ്റെപ്പി ഈഗിള്‍ (കായല്‍പ്പരുന്ത്), ബോനെല്ലിസ് ഈഗിള്‍ (ബോണ്‍ല്ലിപ്പരുന്ത്), മൊണ്‍ടാഗു ഹാരിയര്‍ (മൊണ്‍ടാഗു മേടതപ്പി), യൂറേഷ്യന്‍ സ്പാരോ ഹോക്ക് (യൂറേഷ്യന്‍ പ്രാപ്പിടിയന്‍), ലെസ്സര്‍ ഫിഷ് ഈഗിള്‍ (ചെറിയ മീന്‍പ്പരുന്ത്), പെരെഗ്രിന്‍ ഫാല്‍ക്കണ്‍ (കായല്‍പ്പുള്ള്), ഇന്ത്യന്‍ ഈഗിള്‍ ഔള്‍ (കൊമ്പന്‍ മൂങ്ങ), സ്പോട്ട് ബെല്ലിഡ് ഈഗിള്‍ഔള്‍ (കാട്ടുമൂങ്ങ), ഇന്ത്യന്‍ ഗ്രേ ഹോണ്‍ബില്‍ (നാട്ടുവേഴാമ്പല്‍), ബ്ലൂ ഇയര്‍ഡ് കിംഗ്ഫിഷര്‍ (പൊടിപ്പൊന്മാന്‍). പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന നീലഗിരി പിപിറ്റ്, നീലഗിരി ബീ ഈറ്റര്‍ (നീലക്കിളി പാറ്റ പിടിയന്‍), വൈറ്റ് ബെല്ലിഡ് ഷോലക്കിളി (ആനമലൈ ഷോലക്കിളി), ബ്ലാക്ക് ആന്‍ഡ് ഓറഞ്ച് ഫ്ളൈക്യാച്ചര്‍ ( കരിച്ചെമ്പന്‍ പാറ്റപിടിയന്‍) എന്നിവയുടെ സാന്നിധ്യവും തിരിച്ചറിഞ്ഞു.
ചിത്രശലഭങ്ങളാല്‍ സമ്പന്നമായ മൂന്നാറില്‍ പുതിയ എട്ടെണ്ണം ഉള്‍പ്പെടെ 166 ഇനം ചിത്രശലഭങ്ങളെ സര്‍വേയില്‍ രേഖപ്പെടുത്തി. ഇതോടെ മൂന്നാറിലെ ചിത്രശലഭങ്ങളുടെ എണ്ണം 246 ആയി. ചിന്നാറിൽ മാത്രം 148 തരം ശലഭങ്ങളെ കാണാനായി. അഞ്ചു പുതിയ കണ്ടെത്തലുകളോടെ 33 തുമ്പികളെ തിരിച്ചറിഞ്ഞു. ആകെ തുമ്പികളുടെ എണ്ണം 58 ആയി.
മൂന്നാർ വന്യജീവി സങ്കേതത്തിൽ പുതിയ കണ്ടെത്തലുകൾ ആശാവഹമാണെന്നും ശാസ്ത്രീയ രീതിയിൽ തുടർസര്‍വേകള്‍ നടത്തുമെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ വി ഹരികൃഷ്ണന്‍ പറഞ്ഞു. കഠിനമായ ശൈത്യകാലം ജന്തുജാലങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും മൂന്നാറിൽ ജീവിവര്‍ഗ വൈവിധ്യം നന്നായി സംരക്ഷിക്കപ്പെടുന്നതായി സർവേസംഘത്തിന്റെ തലവന്‍ ടിഎൻഎച്ച്എസ് റിസർച്ച് അസോസിയേറ്റ് ഡോ. കലേഷ് സദാശിവൻ പറഞ്ഞു. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായ നിതിന്‍ ലാല്‍, കെ കെ അനന്തപത്മനാഭന്‍, പി രാജശേഖരന്‍, ജ്യോതി കൃഷ്ണ, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഡോ. കെ പി രാജ്കുമാര്‍ എന്നിവരും സര്‍വേക്ക് നേതൃത്വം നല്‍കി.

