Site iconSite icon Janayugom Online

സര്‍ക്കാര്‍ കരാറുകള്‍ക്ക് സംവരണം: ഭരണപക്ഷം സഭ സ്തംഭിപ്പിച്ചു

കര്‍ണാടകയില്‍ സര്‍ക്കാര്‍ കരാറുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവനയില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. ഭരണപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭ ഉച്ചവരെയും രാജ്യസഭ പൂര്‍ണമായും സ്തംഭിച്ചു.
സര്‍ക്കാര്‍ കരാറുകളില്‍ നാലു ശതമാനം മുസ്ലിങ്ങള്‍ക്കായി സംവരണം ചെയ്യാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ശിവകുമാറിന്റെ പ്രസ്താവന ഉയര്‍ത്തിയായിരുന്നു ഭരണപക്ഷം സഭയില്‍ പ്രതിഷേധം തീര്‍ത്തത്. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ഇത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നുമുള്ള ശിവകുമാറിന്റെ വാക്കുകള്‍ക്ക് വില നല്‍കാതെയാണ് ഭരണപക്ഷം പ്രതിരോധം സൃഷ്ടിച്ചത്.

രാജ്യസഭയും ലോക്‌സഭയും ഭരണപക്ഷ പ്രതിഷേധത്തില്‍ ഉച്ചതിരിഞ്ഞ് രണ്ടുവരെ നിര്‍ത്തിവച്ചു. തുടര്‍ന്ന് സമ്മേളിച്ച ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചകളാണ് സമയക്രമങ്ങള്‍ ലംഘിച്ച് മുന്നേറിയത്. ബജറ്റില്‍ വരുത്തേണ്ട മാറ്റങ്ങളും നിര്‍ദേശങ്ങളും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചു. രാജ്യസഭയില്‍ കാര്യങ്ങള്‍ പക്ഷെ സുഗമമായിരുന്നില്ല.

ഉച്ചതിരിഞ്ഞ് രണ്ടിന് ചേര്‍ന്നപ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ സഭ നിയന്ത്രിച്ച ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിച്ചു. ഭരണപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. ഭരണഘടനാ ഭേദഗതി സംബന്ധിച്ച് പ്രസ്താവന കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ആരും നടത്തിയിട്ടില്ലെന്നും ബിജെപിയാണ് ഇത്തരം നീക്കം നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഖാര്‍ഗെയുടെ പ്രസംഗം നടക്കുന്നതിനിടെ തന്നെ പ്രതിപക്ഷം പ്രതിരോധത്തിന്റെ ആയുധം കൈയ്യിലെടുത്തു.
ഖാര്‍ഗെയുടെ പ്രസംഗത്തിന് പിന്നാലെ സഭാ നേതാവ് ജെ പി നഡ്ഡയെ ചെയര്‍ മറുപടിക്കായി ക്ഷണിച്ചു. നഡ്ഡയുടെ പ്രസംഗത്തെ പ്രതിരോധിക്കാന്‍ പ്രതിപക്ഷം ശ്രമം നടത്തി. കോണ്‍ഗ്രസ് പറയുന്നതെല്ലാം നുണയെന്ന ആക്ഷേപമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഇതിനെതിരെ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് എത്തിയതോടെ സഭാ നടപടികള്‍ 15 മിനിറ്റ് നേരം നിര്‍ത്തിവച്ചു. തുടര്‍ന്ന് സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയതോടെ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്.

Exit mobile version