Site iconSite icon Janayugom Online

ജനവിധി മാനിക്കുന്നു; സർക്കാർ വിരുദ്ധവികാരം ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും ബിനോയ് വിശ്വം

തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്നും സർക്കാർ വിരുദ്ധവികാരം ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടത് മൂല്യങ്ങൾ ഉയർത്തി തിരുത്തേണ്ട നിലപാടുകൾ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിലെ ഓരോ ഘടകകക്ഷികളും ഈ തെരഞ്ഞെടുപ്പിലെ പാഠങ്ങള്‍ പഠിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകും. അന്ധമായ ഇടതുപക്ഷ വിരോധത്തില്‍ യുഡിഎഫും ബിജെപിയും പരോക്ഷമായും പ്രത്യക്ഷമായും കൈ കോര്‍ത്തു പിടിച്ച് എല്‍ഡിഎഫിനെ നേരിടാറുണ്ട്.

ബിജെപി-കോണ്‍ഗ്രസ് ബന്ധം ഏറെക്കാലമായി കേരളത്തിലുള്ളതാണ്. ആ പ്രവണത ഇപ്പോഴുമുണ്ട്. എന്നു കരുതി എല്ലായിടത്തും ഉണ്ടെന്നല്ല. ഭാവിയിലും അത് കാണുന്നുണ്ടെന്നും ഇതിനെയൊക്കെ മറികടന്ന് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം തോല്‍വിയെ വിശകലനം ചെയ്യും. ജനങ്ങള്‍ എങ്ങനെ അതിനെ കാണുന്നുവെന്ന് പരിശോധിക്കും. ജനങ്ങളെത്തന്നെയാണ് വലിയവരായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണിത്. ഈ സര്‍ക്കാര്‍ ചെയ്തതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. എന്നിട്ടും ജനങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ ചിന്തിച്ചുവെന്ന് പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version