Site iconSite icon Janayugom Online

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പ്രതീക്ഷയോടെ മുന്നണികൾ

ഒരു മാസത്തോളം നീണ്ട ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി നേർക്കുനേർ മത്സരിക്കുന്ന ഡൽഹിയില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 70 മണ്ഡലങ്ങളിൽ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ഭരണതുടർച്ചക്ക് ആം ആദ്മി പാർട്ടി ശ്രമിക്കുമ്പോൾ, ഒരു അട്ടിമറിയാണ് കോൺഗ്രസ്സും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാൾ എന്ന ഒറ്റയാൾ പോരാളിയാണ് ആം ആദ്മി പാർട്ടി പ്രചാരണത്തിന് നേതൃത്വം നൽകിയത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. യമുനാ ജലത്തിലെ വിഷാംശവും ഡല്‍ഹി മദ്യനയ അഴിമതിയുമെല്ലാം സജീവ ചര്‍ച്ചയായ തെര‍ഞ്ഞെടുപ്പിനെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നു. 

നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാന്‍ ദേശീയ ജനാധിപത്യ സഖ്യത്തിലെ എംപിമാരെയടക്കം രംഗത്തിറക്കി ബിജെപി ജീവന്‍മരണ പോരാട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ക്ഷേത്രങ്ങളിലെ മുഴുവന്‍ പൂജാരിമാര്‍ക്കും ഗുരുദ്വാരകളിലെ ഗ്രന്ഥകന്മാര്‍ക്കും മാസം 18,000 രൂപ വീതം നല്‍കുമെന്നതടക്കം വാഗ്ദാനങ്ങള്‍ക്ക് ചര്‍ച്ചയാക്കി ആംആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്. അതേസമയം കോണ്‍ഗ്രസിന് വലിയ മുന്നേറ്റം പ്രചാരണരംഗത്ത് കാഴ്ചവയ്ക്കാനായിട്ടില്ല.
70 മണ്ഡലങ്ങളിലും രണ്ട് എംപിമാരെ നിയോഗിച്ച് പ്രചാരണം നടത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ജാതി-മതപരിഗണന അടിസ്ഥമാക്കി എംപിമാരെ മണ്ഡലങ്ങളില്‍ വിന്യസിക്കാനാണ് ബിജെപി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വോട്ടര്‍മാരുടെ വ്യക്തിഗത വിവരം അടിസ്ഥാനമാക്കി അവരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് എംപിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതേസമയം ഹിന്ദുക്ഷേമത്തിനൊപ്പമുള്ള സര്‍ക്കാരാണെന്ന പ്രഖ്യാപനമാണ് പൂജാരി ഗ്രന്ഥി സമ്മാന്‍ യോജനയിലൂടെ എഎപി മുന്നോട്ടുവച്ചിരിക്കുന്നത്. ഒപ്പം സിഖ് ഗുരുദ്വാരകളിലെ ഗ്രന്ഥകന്മാര്‍ക്കും ഇതേ തുക വാഗ്ദാനം ചെയ്യുന്നു.
അതേസമയം ആംആദ്മി പ്രവർത്തകർക്കെതിരെയുള്ള ബിജെപി ആക്രമണങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ തെര‍ഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്കെതിരെ കടുത്ത ആക്രമണങ്ങളാണ് നടക്കുന്നതെന്ന് കെജ്‌രിവാള്‍ കത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ആക്രമണങ്ങൾ ഒഴിവാക്കാൻ നിരീക്ഷകരെ നിയമിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. എഎപി എംഎൽഎ മൊഹീന്ദർ ഗോയൽ ആക്രമിക്കപ്പെട്ട സംഭവവും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. കുറ്റക്കാരായ ബിജെപി പ്രവര്‍ത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പൊലീസുകാരുടെ ഭാഗത്ത് നിന്നും സുരക്ഷാ വീഴ്ചകൾ സംഭവിച്ചാൽ അവരെ സസ്പെൻഡ് ചെയ്യണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ചെംസ്ഫോർഡ് ക്ലബ്ബ് പ്രദേശത്ത് വച്ച് എഎപി പ്രവർത്തകർ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ച് എഎപിയുടെ രാജ്യസഭ എംപി സഞ്ജയ് സിങ്ങും പരാതി നൽകിയിരുന്നു. 

Exit mobile version