Site iconSite icon Janayugom Online

അനന്തപുരി എഫ്എമ്മിനെ തിരിച്ചുനല്‍കുക

ജനപ്രിയ പരിപാടികളിലൂടെ ആസ്വാദകരെ ആക‍ര്‍ഷിച്ചിരുന്ന അനന്തപുരി എഫ്എം നിര്‍ത്തലാക്കിയത് വന്‍ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. വിനോദവും വിജ്ഞാനവും ഒരുപോലെ പ്രദാനം ചെയ്യുന്നതായിരുന്നു ലക്ഷക്കണക്കിന് ആസ്വാദകരുള്ള അനന്തപുരി എഫ്എം. വരുമാനത്തിലും പിന്നിലായിരുന്നില്ല. മെച്ചപ്പെട്ട നിലവാരം പുലര്‍ത്തണമെന്ന കാര്യത്തിലുള്ള നിഷ്കര്‍ഷയും ഉള്ളടക്കത്തിലെ വ്യത്യസ്തതയും ആകര്‍ഷകമായ ഗാന — കലാ പരിപാടികളും ഇതിനെ വേറിട്ടതാക്കുകയും സംസ്ഥാന തലസ്ഥാനത്തും പരിസരത്തും ഏറ്റവും ആസ്വാദകരുള്ളതായി മാറ്റുകയും ചെയ്തു. ഓരോ മണിക്കൂറും ഇടവിട്ടുള്ള വാര്‍ത്തയും സംഗീതപരിപാടികളും വളരെയധികം പ്രേക്ഷകരുടെ ആകര്‍ഷണങ്ങളായിരുന്നു. ദൃശ്യമാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും അതിപ്രസരത്തിലും പ്രസക്തി നഷ്ടപ്പെടാതെ മുന്നേറുകയായിരുന്നു മലയാളം പരിപാടികള്‍ക്ക് മുന്‍തൂക്കമുളള അനന്തപുരി എഫ്എം. വീട്ടകങ്ങളിലും തൊഴില്‍ശാലകളിലും കഴിയുന്ന സ്ത്രീ — പുരുഷഭേദമില്ലാത്ത ആയിരങ്ങള്‍ ഇതിലെ പരിപാടികള്‍ ആസ്വദിച്ചു. അവരുടെ സമ്മര്‍ദങ്ങള്‍ക്ക് അയവുവരുത്തുന്നതിന് സഹായകമാവുന്ന പരിപാടികളും പ്രത്യേകതയായിരുന്നു. വിവിധ ഭാഷകളെയും പ്രാദേശിക സംസ്കൃതികളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആകാശവാണിയുടെ കീഴില്‍ എഫ്എം സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. അതിന്റെ തുടര്‍ച്ചയായാണ് 2005 നവംബറില്‍ ഈ സ്റ്റേഷന്‍ തുടങ്ങിയത്. അതിനു മുമ്പുതന്നെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായി പ്രസാര്‍ഭാരതിയുടെ വിവിധ ഘടകങ്ങളെയും സ്വകാര്യവല്ക്കരിക്കുന്ന നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സ്വകാര്യ എഫ്എം സ്റ്റേഷനുകള്‍ക്ക് അനുമതി നല്കുന്നത്. അതുവരെ പൊതു ഉടമസ്ഥതയിലുള്ളതായിരുന്നു റേഡിയോയും മറ്റ് വിവര സാങ്കേതിക വിനിമയ സംവിധാനങ്ങളും. നിരവധി സ്വകാര്യ സ്റ്റേഷനുകള്‍ പുതിയ നയത്തിന്റെ ഭാഗമായി പല ജില്ലാ കേന്ദ്രങ്ങളിലും ആരംഭിച്ചു. ലാഭം മാത്രമാണ് ലക്ഷ്യമെന്നതുകൊണ്ടുതന്നെ പരസ്യസമാഹരണം മുന്‍നിര്‍ത്തിയുള്ള പരിപാടികളായിരുന്നു അവയുടെ പ്രധാന ഉള്ളടക്കം. അതുകൊണ്ടുതന്നെ നിലവാരത്തിന്റെ കാര്യത്തില്‍ ആസ്വാ ദകരെ പരിഗണിച്ചില്ല. എന്നാല്‍ ലാഭത്തോടൊപ്പം ആസ്വാദകരുടെ അഭിരുചിക്കുകൂടി പരിഗണന നല്കിയായിരുന്നു അനന്തപുരി എഫ്എം പരിപാടികള്‍ അവതരിപ്പിച്ചത്. അതുകൊണ്ടാണ് സ്വകാര്യസംരംഭകരോട് മത്സരിക്കേണ്ടിവന്നിട്ടും സംസ്ഥാന തലസ്ഥാനത്തിന്റെ പേരിലുള്ള ഈ എഫ്എം സംവിധാനം വളരെയധികം ആസ്വാദകരുള്ള ഒന്നായി അവയോട് കിടപിടിച്ചു നിന്നത്. മഹാമാരിയുടെ കാലത്ത് ഓണ്‍ലൈന്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ വ്യാപകമായപ്പോഴും അനന്തപുരി എഫ്എമ്മിന് ആസ്വാദകരുടെ എണ്ണത്തില്‍ വര്‍ധനയാണുണ്ടായത്.


ഇതുകൂടി വായിക്കാം; വിത്തെടുത്തു കുത്തി എത്ര നാൾ ഉണ്ണാനാവും


മൂന്നു ജില്ലകളിലായി ശരാശരി അരക്കോടിയോളം ശ്രോതാക്കളുണ്ടെന്നാണ് കണക്ക്. സാങ്കേതികമായി മാത്രമാണ് അനന്തപുരി എഫ്എം മാറ്റിയത് എന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും പേരില്‍ മാത്രമല്ല ഉള്ളടക്കത്തിലാകെയുള്ള മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. വിവിധ് ഭാരതി മലയാളം എന്നാക്കിയെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാല്‍ മുംബൈ വിവിധ് ഭാരതിക്കാണ് മുഴുവന്‍ നിയന്ത്രണവും നല്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനകം മലയാളപരിപാടികള്‍ക്കൊപ്പം ഹിന്ദി പരിപാടികള്‍ക്കും പ്രാമുഖ്യം വര്‍ധിച്ചിരിക്കുന്നു. ഇതിലൂടെ ആസ്വാദകരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ കുറവുണ്ടായെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. അനന്തപുരി എഫ്എം എന്ന പേരില്‍ മലയാളം പരിപാടികള്‍ക്ക് മുന്‍ഗണന നല്കി പ്രവര്‍ത്തിച്ചിരുന്ന ഘട്ടത്തില്‍ പ്രതിമാസം ശരാശരി പത്തുലക്ഷം രൂപ വരെ പരസ്യയിനത്തില്‍ വരുമാനമുണ്ടായിരുന്നിടത്ത് കഴിഞ്ഞ രണ്ടുമാസത്തെ കണക്കില്‍ ഏഴുലക്ഷത്തോളമായി. ഇനിയും അത് കുറയുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. കൂടാതെ മലയാളം പരിപാടികള്‍ നടത്തുന്നതിനും അവതരിപ്പിക്കുന്നതിനുമായി ഈ സ്റ്റേഷനെ ആശ്രയിക്കുന്ന ജീവനക്കാരും കലാകാരന്മാരുമുണ്ട്. കലാ — സാഹിത്യ — സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് അവരുടെ സര്‍ഗവാസന പ്രകടിപ്പിക്കുന്നതിനുള്ള അവസരം നല്കുന്നതുകൂടിയായിരുന്നു ഈ എഫ്എം. മലയാളം പരിപാടികളുടെ എണ്ണം കറഞ്ഞതോടെ പുതിയതും പരിണതപ്രജ്ഞരുമായ കലാകാരന്മാരുടെ അവസരവും ഇല്ലാതാകുകയാണ്. മലയാളത്തിലുള്ള പരിപാടികള്‍ കുറയുന്നതോടെ സാങ്കേതിക വിഭാഗം ജീവനക്കാരൊഴികെയുള്ളവരുടെ തൊഴില്‍ പ്രതിസന്ധിക്കും സാധ്യതയുണ്ട്. അങ്ങനെ എല്ലാംകൊണ്ടും പിന്തിരിപ്പനായ തീരുമാനമാണ് പ്രസാര്‍ഭാരതി കൈക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേ രാജ്യത്തിന്റെ ഭാഷാ — സാംസ്കാരിക വൈവിധ്യങ്ങള്‍ ഇല്ലാതാക്കുകയെന്ന അജണ്ട കൂടി ഇതിനു പിന്നിലുണ്ടെന്ന് കരുതാവുന്നതാണ്. ഫെഡറല്‍ സംവിധാനത്തെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രസാര്‍ഭാരതിയും പ്രവര്‍ത്തിക്കുകയാണ്. അതിന്റെ ഫലമായാണ് ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. സാംസ്കാരിക സ്വത്വവും ഭാഷാ വൈവിധ്യങ്ങളും അംഗീകരിക്കാതിരിക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ പ്രവര്‍ത്തനപദ്ധതികളില്‍ ഒന്നാണ്. അതിന്റെ ഭാഗമായാണ് അനന്തപുരി എഫ്എമ്മിന് താഴിട്ടിരിക്കുന്നത്. ഇത് നമ്മുടെ സ്വത്വത്തിനുനേരെയും ഒട്ടനവധി പേരുടെ ജീവനോപാധിക്കുനേരെയുമുണ്ടായ വെല്ലുവിളി കൂടിയാണ്. ഈ തീരുമാനത്തിനെതിരായ പ്രതിഷേധം എല്ലാവരും ഏറ്റെടുക്കേണ്ടതാണ്.

You may also like this video;

Exit mobile version