26 April 2024, Friday

Related news

April 20, 2024
April 20, 2024
March 28, 2024
February 10, 2024
February 9, 2024
February 7, 2024
February 1, 2024
February 1, 2024
February 1, 2024
February 1, 2024

വിത്തെടുത്തു കുത്തി എത്ര നാൾ ഉണ്ണാനാവും

കെ പി ശങ്കരദാസ്
February 8, 2022 5:24 am

“വിത്തുകുത്തി ഉണ്ണുക” എന്നൊരു പഴമൊഴിയുണ്ടല്ലോ. അതുപോലെയാണ് ഇന്ന് കേന്ദ്ര സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് പണം സ്വരൂപിക്കുന്നത്. എന്നിട്ടും വിത്തു കുത്തിയാൽ കിട്ടേണ്ട അരി മുഴുവൻ സർക്കാർ ആവശ്യത്തിനു ലഭ്യമാകുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെയാണ് മറുപടി. പരിചരണങ്ങളോടെ സൂക്ഷിക്കുന്ന വിത്തുകളെ മുഴുവൻ പടിപടിയായി കുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ശൈലി തുടർന്നുകൊണ്ടിരുന്നാൽ വിതയ്ക്കേണ്ട കാലം എത്തുമ്പോൾ വിത്തിന്റെ ഒരു മണിയെങ്കിലും മിച്ചം ഉണ്ടാകുമോ എന്ന ആശങ്കയുടെ വക്കിലാണ് ജനങ്ങൾ. ഈ നിലപാട് തുടർന്നുകൊണ്ടുപോകുകയാണെങ്കിൽ ഭാവിജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വൻകിട കുത്തകകളെ ആശ്രയിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും അവയുടെ സമ്പത്തുകളും കൈമാറ്റം ചെയ്യുന്നതിന് കേന്ദ്രം ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻസി ഇപ്പോൾ തന്നെ അവരുടെ ഖജനാവുകൾ നിറച്ചുകൊണ്ടിരിക്കുകയാണ്. ഏറെ ഗൃഹപാഠം ചെയ്ത് രൂപകല്പന ചെയ്തിട്ടുള്ള ഗൂഢാലോചനയുടെ ഉല്പന്നമാണ് ഈ നീക്കം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ടതും രാജ്യത്തിന്റെ നിലനിൽപിനും വളർച്ചയ്ക്കും അനുപേക്ഷണീയവുമായ ധനകാര്യ സ്ഥാപനങ്ങളടക്കമാണ് സ്വകാര്യവല്ക്കരണത്തിന് വച്ചുനീട്ടുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി നടത്തുന്ന ഈ വ്യാപാര വ്യാപനം കൊണ്ട് താല്ക്കാലിക പരിഹാരം കണ്ടെത്തിയെന്ന് വരാം. എന്നാൽ അതുകൊണ്ട് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

സ്വകാര്യവല്ക്കരണത്തിന്റെ മറവിൽ വൻകൊള്ള നടക്കുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എട്ടു ലക്ഷം കോടിയിലേറെ ആസ്തിയുളള രാജ്യത്തെ നവരത്ന കമ്പനികളിൽ ഒന്നായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ വില്ക്കാനാണ് നീക്കം. സ്വകാര്യവല്ക്കരണത്തിന് വേദിയൊരുക്കി നിറുത്തിയിട്ടുളള എല്ലാ പൊതുമേഖല സ്ഥാപനങ്ങളുടെയും സ്ഥിതി ഇതിൽ നിന്നും വ്യത്യസ്തമല്ലെന്നാണ് വിലയിരുത്തൽ. വില്പനയ്ക്കായി തീരുമാനിച്ചിട്ടുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ജംഗമവസ്തുക്കൾ വിറ്റാൽപ്പോലും ഇതിന്റെ പലമടങ്ങു വില ലഭിക്കുമെന്നാണ്. ഈ സാമ്പത്തികവർഷം പൂർത്തിയാകുന്നതോടെ മുപ്പതോളം സ്ഥാപനങ്ങളുടെ വില്പന നടക്കുമെന്നാണ് വാർത്തയിൽ പറയുന്നത്. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചതിലൂടെ 2021 മുതൽ ഇതുവരെ 9,364 കോടി രൂപയാണ് സമാഹരിച്ചത്. 2021–22 ബജറ്റിൽ സ്വകാര്യവല്ക്കരണത്തിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 


ഇതുകൂടി വായിക്കൂ:  രാജ്യനിര്‍മ്മാണത്തിനു പകരം സ്വകാര്യവല്‍ക്കരണം


 

സ്വാതന്ത്യ്ര സമരകാലത്തു തന്നെ ഭാവി ഇന്ത്യ എങ്ങനെയായിരിക്കണം എന്ന് ചർച്ച നടത്തിയിരുന്നു. 1929ലെ ലാഹോർ സമ്മേളനം “പൂർണ സ്വരാജ്” പ്രമേയം അംഗീകരിച്ചതോടെയാണ് കോൺഗ്രസ് ഇക്കാര്യത്തിൽ സജീവമായത്. കമ്മ്യൂണിസ്റ്റ്കാരാണ് ഈ പ്രമേയം കൊണ്ടുവന്നത്. സോവിയറ്റ് യൂണിയന്റെ സാമ്പത്തിക നയങ്ങളും വികസന പദ്ധതികളും നേരിട്ടു കണ്ടു മനസിലാക്കാൻ കഴിഞ്ഞതും പ്രമേയം അംഗീകരിക്കാൻ പ്രചോദനമായെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച് നടന്ന ചർച്ചയിൽ കമ്മ്യൂണിസ്റ്റുകളോടും സോഷ്യലിസ്റ്റുകളോടൊപ്പം ജവഹർലാൽ നെഹ്രുവും സുഭാഷ്ചന്ദ്ര ബോസും ഉണ്ടായിരുന്നു. ചർച്ചയിലുണ്ടായ അഭിപ്രായം പരിഗണിച്ച് വിശദമായ രൂപരേഖ തയാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ഇതിന്റെ അധ്യക്ഷൻ ജവഹർലാൽ നെഹ്രുവായിരുന്നു. സോവിയറ്റ് യൂണിയൻ സന്ദർശിച്ചതിനു ശേഷമാണ് പഞ്ചവത്സര പദ്ധതി ആവിഷ്കരിക്കാനും ആസൂത്രണ കമ്മിഷൻ രൂപീകരിക്കാനും തീരുമാനമെടുത്തത്.

1950 ൽ ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതിന് ശേഷമാണ് ആസൂത്രണ കമ്മിഷൻ രൂപീകരിക്കുന്നതും പഞ്ചവത്സര പദ്ധതിക്ക് രൂപം നൽകുന്നതും. 1956 ൽ ഇന്ത്യയുടെ വ്യവസായ സാമ്പത്തിക നയം പ്രഖ്യാപിച്ചത് പ്രധാമന്ത്രി ജവഹർലാൽ നെഹ്രുവായിരുന്നു. 1951 ൽ പ്രഖ്യാപിച്ച ഒന്നാം പഞ്ചവത്സര പദ്ധതിയിൽ കാർഷിക മേഖലയ്ക്കായിരുന്നു മുൻഗണന. എന്നാൽ രണ്ടാം പഞ്ചവത്സര പദ്ധതിയിൽ വ്യവസായത്തിനാണ് പ്രാധാന്യം നൽകിയത്. സമ്പദ്ഘടനയിൽ പൊതുമേഖലയ്ക്ക് മുൻതൂക്കവും മേധാവിത്വവും നൽകണമെന്ന് ധാരണയുണ്ടായിരുന്നു. സാമ്രാജ്യത്വരാജ്യങ്ങളെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവും കരുത്തും ഈ നയം നല്കുമെന്നും ധാരണയുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇതിലേയ്ക്കായി അന്ന് 4,800 കോടി രൂപ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. അന്ന് ഒരു ഡോളറിന് 18 രൂപയായിരുന്നു വില. ഇന്ന് 74 രൂപ.

 


ഇതുകൂടി വായിക്കൂ:  അംബാനിക്കുവേണ്ടി കരിമ്പുലി സ്വകാര്യവത്ക്കരണം


 

സോവിയറ്റ് യൂണിയന്റെ മാതൃകയിലുള്ള പഞ്ചവത്സര പദ്ധതിക്ക് അന്നേ ജനസംഘം എതിരായിരുന്നു. 1969‑ൽ 14 ബാങ്കുകൾ ദേശസാല്ക്കരിച്ചുകൊണ്ടു പുറപ്പെടുവിച്ച ഓർഡിനൻസ് സുപ്രീം കോടതിയെ സമീപിച്ച് റദ്ദു ചെയ്യുന്നതിനുള്ള ഉത്തരവ് നേടിയതും ജനസംഘമായിരുന്നു. അതുകൊണ്ടാണ് നരേന്ദ്രമോഡി അധികാരത്തിൽ വന്നയുടനെ പഞ്ചവത്സര പദ്ധതികൾ വേണ്ടന്നുവച്ചതും സ്വകാര്യവല്ക്കരണത്തിന് ആക്കം കൂട്ടിയതും.

ഇന്ത്യൻ സമ്പദ്ഘടനയിൽ പൊതുമേഖലയ്ക്ക് മുൻതൂക്കവും മേധാവിത്വവും നൽകണമെന്നാണ് ധാരണ. സാമ്രാജ്യത്വ രാജ്യങ്ങളെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവും കരുത്തും ആർജ്ജിക്കുകയെന്നതാണ് മുഖ്യ ലക്ഷ്യം.

1991‑ൽ ആഗോളവല്ക്കരണ നയം ഇന്ത്യ അംഗീകരിച്ചതോടെ അന്നത്തെ നരസിംഹറാവു സർക്കാരാണ് പൊതുമേഖലയുടെ ഓഹരി സ്വകാര്യമേഖലയ്ക്കു വില്ക്കാൻ തുടക്കമിട്ടത്. ഇതോടെ രാജ്യത്തിനകത്തും പുറത്തുമുള്ള ശതകോടീശ്വരന്മാർ പൊതുമേഖല കമ്പനികളുടെ ഓഹരി കൈക്കലാക്കാനുള്ള കരുനീക്കങ്ങൾ ആരംഭിച്ചു. തുടർന്ന് “എസ്എംസി ക്യാപ്പിറ്റൽസ്” എന്ന ഏജൻസി പുറത്തുവിട്ട പഠനറിപ്പോർട്ടിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പന വഴി രാജ്യത്തെ ധനകമ്മി പൂർണമായി ഒഴിവാക്കാമെന്നായിരുന്നു. യഥാർത്ഥത്തിൽ രാജ്യത്തിന്റെ പൊതുസ്വത്തായ പടുകൂറ്റൻ സ്ഥാപനങ്ങളെ കോർപറേറ്റ് മേഖലയ്ക്ക് സമർപ്പിക്കാനുള്ള തിരക്കഥയാണ് ഈ റിപ്പോർട്ട്. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രു പ്രഖ്യാപിച്ചതും നടപ്പാക്കിക്കൊണ്ടിരുന്നതുമായ നയങ്ങളെയും നടപടികളേയും മുച്ചൂടും മുരടിപ്പിക്കുന്ന നടപടിക്ക് തുടക്കംകുറിച്ചത് നരസിംഹറാവു സർക്കാരാണ്. ആ നയമാണ് നരേന്ദ്രമോഡി സർക്കാർ ആവേശപൂർവം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

നെഹ്രുവിന്റെ സാമ്പത്തിക വ്യവസായ നയങ്ങളെ വാക്കുകൊണ്ട് വാനോളം പുകഴ്ത്തുകയും, അദ്ദേഹത്തിന്റെ പാത പിന്തുടരുന്നതാണെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പ്രഖ്യാപിക്കുകയും ചെയ്യുന്നവർ തന്നെയാണ് അദ്ദേഹത്തിന്റെ നയങ്ങൾക്ക് വിരുദ്ധമായ നിലപാടിന് തുടക്കമിട്ടതെന്ന കാര്യം കാണാതിരുന്നുകൂടാ.

 


ഇതുകൂടി വായിക്കൂ:  കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിന് എക്സ്പ്രസ് വേഗം


 

രാജ്യത്തെ പൊതുമേഖലാ ഭീമന്മാർക്ക് പല പദവി നല്കുന്നതിന്റെ ലക്ഷ്യം അവയ്ക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്യ്രം അനുവദിക്കുകയെന്നതാണ്. നവരത്ന, മഹാരത്ന എന്ന പദവികളാണ് ഇവയ്ക്ക് നല്കിയിട്ടുള്ളത്. മഹാരത്ന പദവി ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് നയപരമായും, സാമ്പത്തികപരമായും തീരുമാനം കൈക്കൊള്ളാൻ കൂടുതൽ സ്വാതന്ത്യ്രം ഉണ്ടായിരിക്കും. രാജ്യത്തിനകത്തും പുറത്തും ശതകോടികളുടെ നിക്ഷേപം സർക്കാരിന്റെ അംഗീകാരം തേടാതെ നടത്താം. ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള തുകയെക്കാൾ അധികം തുക വേണ്ടിവരുന്ന സാഹചര്യത്തിൽ സർക്കാർ അനുമതി തേടിയാൽമതി. നവരത്ന പദവിയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത്രയും സ്വാതന്ത്യ്രം കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല. വൻലാഭത്തിൽ നടക്കുന്ന പൊതുമേഖലാ കമ്പനികൾക്കാണ് നവരത്ന പദവി നൽകുന്നത്. ജിഎസ്‌ടി സംവിധാനം നടപ്പാക്കിയിട്ട് അഞ്ചു വർഷമാകാൻ പോകുകയാണ്. കേന്ദ്രഭരണകൂടം പ്രതീക്ഷിച്ചതുപോലെ നികുതി വരുമാനത്തിൽ കാര്യമായ വർധനവൊന്നും ഉണ്ടായിട്ടില്ല എന്നുമാത്രമല്ല സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം നിഷേധിക്കുന്നതിനും കാരണമായി.

ജിഎസ്‌ടിയിലേക്ക് പെട്രോൾ, ഡീസൽ നികുതി കൊണ്ടുവരാൻ തയാറല്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ തന്നെ വ്യക്തമാക്കുകയുണ്ടായി. നികുതി കുറയ്ക്കേണ്ടിവരുമെന്നതുകൊണ്ടാണ്. നിരക്ക് കൂട്ടി ജിഎസ്‌ടി നടപ്പാക്കാമെന്ന ആശയത്തോടും കേന്ദ്ര സർക്കാരിന് യോജിപ്പില്ല. ഇന്ധനവിലയുടെ പാപഭാരം സംസ്ഥാനങ്ങളുടെ ചുമലിൽ വച്ചുകെട്ടുകയെന്നതാണ് ലക്ഷ്യം.

കർഷകരും ചെറുകിട വായ്പ ആവശ്യമുള്ളവരും ആദ്യം സമീപിക്കേണ്ടത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളേയാണ്. പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അഡാനി ക്യാപ്പിറ്റലും തമ്മിലുണ്ടാക്കിയ കരാറുപ്രകാരമാണിത്. രാജ്യത്തെ ഏറ്റവും വലുതും വിപുലവുമായ പ്രവർത്തന സൗകര്യങ്ങളുമുള്ള പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഒഴിവാക്കി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ ഏല്പിച്ചത് സാധാരണക്കാരെ കടുത്ത ചൂഷണത്തിന് എറിഞ്ഞുകൊടുക്കുന്നതിന് തുല്യമാണ്. ഇത് കാലക്രമേണ വായ്പ എടുക്കുന്നവർക്ക് വലിയ ബാധ്യതയായി മാറുമെന്നതിൽ സംശയമില്ല.

 


ഇതുകൂടി വായിക്കൂ:  അഡാനി കുംഭകോണം മറനീക്കുന്നു


 

രാജ്യത്ത് 2019ല്‍ മാത്രം 1700 ഓളം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയോ കരിമ്പട്ടികയിലുള്‍പ്പെടുത്തുകയോ ചെയ്ത റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ എസ്ബിഐ — അഡാനി കരാറിന് അനുമതി നൽകിയത് ആശങ്കാജനകമാണ്.

സംസ്ഥാനത്തിനകത്തും വിദേശത്തുമുള്ള കോർപറേറ്റുകളുമായി കൈകോർക്കാനും സംയുക്തമായി വിവിധ മേഖലകളിൽ നിക്ഷേപം നടത്താനും അവസരം നൽകുന്നു. ഇന്ത്യയിലെ ബാങ്കുകൾ സമൂലമായി പൊളിച്ചടുക്കുന്നതിനാണ് ബാങ്കുകളുടെ ലയന പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തോടൊപ്പം അവയെ സ്വകാര്യവല്ക്കരിക്കാനും സ്വകാര്യബാങ്കുകളെ വിദേശവല്ക്കരിക്കാനും വഴിയൊരുക്കുകയാണ് ലക്ഷ്യമെന്ന് ഇപ്പോൾ ബോധ്യമായിട്ടുണ്ട്.

രാജ്യത്തിന്റെ വിലപ്പെട്ട സ്വത്തും സമ്പത്തുക്കളും അനായാസം കോർപറേറ്റുകളുടെ കൈപ്പിടിയിലൊതുങ്ങി. രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴും അവർ വർധിപ്പിച്ച ആസ്തികളുമായി തിളങ്ങി നിൽക്കുകയാണ്. രാജ്യത്തെ സാധാരണക്കാരുടെ ജീവിതമാകട്ടെ നികുതികളുടേയും തൊഴിലില്ലായ്മയുടെയും അനിയന്ത്രിതമായ വിലവർധനവിലൂടെയും ഞെരിഞ്ഞമരുകയാണ്. 84 ശതമാനം കുടുംബങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞപ്പോൾ ശതകോടീശ്വരന്മാരുടെ ആസ്തി പതിന്മടങ്ങ് വർധിക്കുകയായിരുന്നു. 23.14 ലക്ഷം കോടിയിൽ നിന്ന് 53.16 ലക്ഷം കോടി രൂപയായി. ശതകോടീശ്വരന്മാരുടെ എണ്ണവും 102 ൽ നിന്ന് 142 ആയി. ഓക്സ്ഫാം ഇന്ത്യ പുറത്തുവിട്ട വാർഷിക അസമത്വ റിപ്പോർട്ട് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.