Site iconSite icon Janayugom Online

കർഷകർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ധനസഹായത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി

കർഷകർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ധനസഹായം അനുവദിക്കുന്നതിന് മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചു സർക്കാർ ഉത്തരവായി. പുതുക്കിയ ഉത്തരവ് പ്രകാരം നിലവിലുള്ള നഷ്ടപരിഹാര മാനദണ്ഡങ്ങൾക്ക് പുറമെ ബ്രൂസല്ലോസിസ് , ക്ലാസിക്കൽ സ്വൈൻ ഫീവർ, ആഫ്രിക്കൻ പന്നിപ്പനി എന്നീ അസുഖങ്ങൾ മൂലവും പാമ്പ്കടി, വിഷ ബാധ എന്നിവ മൂലവും ഉരുക്കൾ നഷ്ടപ്പെടുന്ന കർഷകർക്കും നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 

പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ, ആന്ത്രാക്സ്, പേവിഷബാധ, പക്ഷിപ്പനി, പിപിആർ എന്നീ രോഗങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും, വന്യമൃഗങ്ങളുടെ ആക്രമണം, തെരുവ് നായ ആക്രമണം, ഇടിമിന്നൽ, മുങ്ങിമരണം, വെദ്യുതാഘാതം, സൂര്യാഘാതം, അപകടം തുടങ്ങിയ അത്യാഹിതങ്ങൾ എന്നിവയ്ക്കുമാണ് നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം വകുപ്പിന്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും നഷ്ടപരിഹാരം നൽകി വരുന്നത്. പരിഷ്കരിച്ച പുതിയ ഉത്തരവ് പ്രകാരം ഇൻഷുറൻസ് തുകയോ, ജില്ലാ കളക്ടറുടെ ധനസഹായമോ ലഭിക്കാത്ത ദുരിത ബാധിതരായ എല്ലാ കർഷകർക്കും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും.

കറവയുള്ള പശു, എരുമയ്ക്ക് 37,500 രൂപയും കറവ ഇല്ലാത്ത പശു അല്ലെങ്കില്‍ എരുമയ്ക്ക് 32,000 രൂപയും നഷ്ടപരിഹാര ധനസഹായമായി കർഷകർക്ക് ലഭിക്കും. നിലവിൽ ഇത് യഥാക്രമം 16400, 15000 രൂപ വീതമാണ്. ആട് ഒന്നിന് 1650 രൂപയിൽ നിന്നും 4000 രൂപയായും നഷ്ടപരിഹാര തുക വർധിപ്പിച്ചിട്ടുണ്ട്. ഒരു വയസ് വരെ പ്രായമുള്ള പശു അല്ലെങ്കില്‍ എരുമ, കാള, പോത്ത് കുട്ടികൾക്ക് 10,000 രൂപ വീതവും ഒരു വയസിനു മുകളിൽ പ്രായമുള്ള കിടാരികൾക്ക് 20,000 രൂപയും ഒരു വയസ് മുതൽ മൂന്നു വയസുവരെയുള്ള കാള അല്ലെങ്കില്‍ പോത്ത് കുട്ടികൾക്ക് 20,000 രൂപ വരെയും മൂന്നു വയസിന് മുകളിൽ പ്രായമുള്ള കാള അല്ലെങ്കില്‍ പോത്തുകൾക്ക് 32,000 രൂപ വരെ നഷ്ടപരിഹാര ഇനത്തിൽ പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചു സർക്കാർ ധനസഹായമായി ലഭിക്കും. കോഴി അല്ലെങ്കില്‍ താറാവ് ഒന്നിന് 50 രൂപയിൽ നിന്നും 100 രൂപയായും നഷ്ടപരിഹാര തുക വർധിപ്പിച്ചിട്ടുണ്ട്. 

പന്നി വളർത്തൽ കർഷകർക്ക് ആശ്വാസമായി പന്നി ഒന്നിന് 4000 രൂപ ദുരന്തനിവാരണ ഫണ്ടിൽ നിന്നും നഷ്ടപരിഹാര ധനസഹായമായി നൽകും. കൂടാതെ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരണത്തിനായി സാമ്പിൾ അയച്ചതിനുശേഷം രോഗ സ്ഥിരീകരണത്തിന് മുമ്പ് പന്നികൾ നഷ്ടപ്പെട്ട കർഷകർക്കും നഷ്ടപരിഹാര തുക അനുവദിക്കും. രണ്ടുമാസത്തിൽ താഴെ പ്രായമുള്ള പന്നിക്കുഞ്ഞുങ്ങൾക്ക് 1500 രൂപ വീതവും രണ്ടു മുതൽ ആറുമാസം വരെ പ്രായമുള്ള പന്നികൾക്ക് 5000 രൂപ വീതവും ആറുമാസത്തിനു മുകളിൽ പ്രായമുള്ള പന്നികൾക്ക് 10,000 രൂപ വീതവുമാണ് ഈ ഇനത്തിൽ നഷ്ടപരിഹാരമായി നൽകുന്നത്. വകുപ്പിൽ ആദ്യമായിട്ടാണ് പന്നിവളർത്തൽ കർഷകർക്ക് ദുരന്ത നിവാരണ ഫണ്ടിൽ നിന്നും നഷ്ടപരിഹാര തുക അനുവദിക്കുന്നതിന് ഉത്തരവാകുന്നത്. സർക്കാരിന്റെ ധനസഹായത്തിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള മൃഗാശുപത്രികളിൽ കർഷകർ സമർപ്പിക്കേണ്ടതാണ്.

Exit mobile version