ഇല്ലിക്കല്‍-തിരുവാര്‍പ്പ് റോഡിന്റെ ചേരിയ്ക്കല്‍ ഭാഗത്തെ നിര്‍മാണം ഡിസംബര്‍ 18ന് ആരംഭിക്കുമെന്ന് സഹകരണ-രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നിര്‍മ്മാണഘട്ടത്തില്‍ നടപ്പാക്കേണ്ട ഗതാഗത നിയന്ത്രണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിരുവാര്‍പ്പ് പഞ്ചായത്ത് ഹാളില്‍ നടത്തിയ സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിര്‍മ്മാണ ഉദ്ഘാടനം 18ന് വൈകിട്ട് അഞ്ചിന് ഇല്ലിക്കലില്‍ നടക്കും. 10 കോടി രൂപ ചെലവില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. കഴിഞ്ഞവര്‍ഷമാണ് മീനച്ചിലാറ്റിനോടു ചേര്‍ന്ന റോഡിന്റെ ഭാഗം കല്‍ക്കെട്ട് ഇടിഞ്ഞ് ആറ്റിലേക്ക് പതിച്ചത്. ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചാണ് നിര്‍മാണം നടക്കുക. ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ. മേനോന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.എം. ബിന്നു, ജെസി നൈനാന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ സി.റ്റി. രാജേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.