ഒരുഭാഗത്ത് എഐ ക്യാമറയുടെ പേരില്‍ പ്രതിപക്ഷം വിവാദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. മറുഭാഗത്ത് റോഡിലിറങ്ങുന്നവര്‍ ക്യാമറയെ പേടിച്ചാണെങ്കിലും ഗതാഗത‑റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കുകയും ചെയ്യുന്നു. കൊള്ളലാഭം കൊയ്യാനാണ് എഐ ക്യാമറകളെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം ആരോപിക്കുന്നത്. ക്യാമറ പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങളെ ആയിട്ടുള്ളൂ. നിയമം ലംഘിക്കപ്പെട്ട് പിഴയൊടുക്കാന്‍ വിധിക്കപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയാണ്. ജനങ്ങളെ പിഴിയുകയാണ് സര്‍ക്കാര്‍ എന്ന് പ്രതിപക്ഷ നേതാവ് ഇനിയെങ്ങനെ പറയും.
സ്വന്തം ജനതയുടെ ആരോഗ്യവും ജീവനും സുരക്ഷിതമാക്കുക എന്നതാണ് സര്‍ക്കാരുകളുടെ ബാധ്യത. അത് നിറവേറ്റപ്പെടുന്നു എന്നതാണ് നാലഞ്ച് ദിവസത്തെ നിയമലംഘകരുടെ കണക്ക്. ക്യാമറ വയ്ക്കുന്നതിന്റെ തലേന്ന് വരെ രണ്ട് ലക്ഷത്തോളമായിരുന്നു ‘നിയമലംഘകര്‍’. ആദ്യ ദിവസം തന്നെ അത് ഒരു ലക്ഷമായി ചുരുങ്ങി. ഏറ്റവുമൊടുവിലെ കണക്ക് ഒരു ദിവസം ഗതാഗത നിയമം ലംഘിച്ചവരുടെ എണ്ണം വെറും 28,000 മാത്രമായിരിക്കുന്നു. ജയിച്ചത് ക്യാമറയാണോ സര്‍ക്കാരാണോ എന്നതല്ല ഇവിടത്തെ കാര്യം. ഓരോരുത്തരും വിചാരിച്ചാല്‍ നിയമം പാലിക്കപ്പെടും, സ്വജീവന്‍ രക്ഷിക്കാനും കഴിയും എന്നതിന്റെ തെളിവാണിത്.
പ്രതിപക്ഷത്തിന്റെ എഐ ക്യാമറ വിരോധം തല്‍ക്കാലം കാര്യമാക്കേണ്ട. പ്രത്യേകിച്ച് എ‑ഐ പോര് ശക്തമായിരിക്കെ.
പിഴ ചുമത്തപ്പെട്ടാല്‍ അപ്പീലും നല്‍കാം
ഏഴ് നിയമ ലംഘനങ്ങളാണ് എഐ ക്യാമറ വഴി കണ്ടെത്തി നോട്ടീസ് അയയ്ക്കുന്നത്. ഹെൽമെറ്റ് ധരിക്കാതിരിക്കൽ — 500, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ ‑500, മൊബൈൽഫോൺ ഉപയോഗം ‑2000, റെഡ് സിഗ്‌നൽ മുറിച്ചു കടക്കൽ ‑1000, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര ‑1000, അമിതവേഗം 1500, അപകടകരമായ പാർക്കിങ് ‑250 എന്നിവങ്ങനെയാണ് കുറ്റവും പിഴയും.
ഗതാഗത നിയമലംഘിക്കപ്പെട്ട് പിഴയൊടുക്കാന്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് കൃത്യമായ കാരണം വിശദമാക്കി അപ്പീല്‍ നല്‍കുവാന്‍ അവസരം. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്കാണ് അപ്പീൽ നൽകേണ്ടത്. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനകം എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്‌സ്‌മെന്റ് ആർടിഒയ്ക്കാണ് നൽകേണ്ടത്. ഇതിനുശേഷം പിഴയൊടുക്കിയാല്‍ മതി. ഓൺലൈൻ വഴി അപ്പീൽ നൽകുന്നതിനുള്ള സംവിധാനം രണ്ടുമാസത്തിനുള്ളിൽ ഒരുക്കുമെന്നാണ് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്.
English Sammury: Road Safety Violation Notice: Penalties can also be appealed