ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി രോഹിത് ശര്‍മ്മ. സമൂഹമാധ്യമത്തിലൂടെയാണ് ഇന്ത്യന്‍ താരത്തിന്റെ പ്രഖ്യാപനം. ടെസ്റ്റ് നായകസ്ഥാനത്ത് പുതിയ താരമെത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ‘ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണ്. രാജ്യത്തിനുവേണ്ടി കളിക്കാനായതില്‍ അഭിമാനമുണ്ട്. വര്‍ഷങ്ങളായി പ്രകടിപ്പിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിക്കും’-ഇന്‍സ്റ്റഗ്രാമില്‍ രോഹിത് കുറിച്ചു.
2013ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റില്‍ അരങ്ങേറി. 67 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചു. 116 ഇന്നിങ്സില്‍ നിന്ന് 4302 റണ്‍സ് സ്വന്തമാക്കി. 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു ഇരട്ട സെഞ്ചുറിയും 12 സെഞ്ചുറിയും ഉള്‍പ്പെടുന്നു. ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് തന്നെ നയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വിരമിക്കല്‍ പ്രഖ്യാപനത്തോടെ പുതിയ ക്യാപ്റ്റനാകും ഇന്ത്യയെ നയിക്കുക.
സ്വന്തം നാട്ടില്‍ ന്യൂസിലാന്‍ഡിനോട് ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതും ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി കൈവിട്ടതും രോഹിത്തിന്റെ നായകസ്ഥാനത്തിനെതിരെ വിമര്‍ശനങ്ങളെത്തിയിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടി ഏകദിനത്തില്‍ രോഹിത് തന്റെ സ്ഥാനം ഒരിക്കല്‍ കൂടി തെളിയിച്ചിരുന്നു.

