Site iconSite icon Janayugom Online

റെയില്‍വേ വാദം തള്ളി ആര്‍പിഎഫ് ; ഗുരുതര അനാസ്ഥ സംഭവിച്ചു

രാജ്യതലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനില്‍ 18 പേര്‍ മരിക്കാനിടയായ അപകടത്തില്‍ റെയില്‍വേയെ തള്ളി റെയില്‍വേ സുരക്ഷാ സേന (ആര്‍പിഎഫ്) റിപ്പോര്‍ട്ട്. അനൗണ്‍സ്മെന്റിലുണ്ടായ ആശയക്കുഴപ്പമാണ് അപകടത്തിനു ഇടയാക്കിയത് എന്ന് ആര്‍പിഎഫ് സ്ഥിരീകരിച്ചു.
കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കരുതെന്ന് സ്റ്റേഷന്‍ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നതായും ആര്‍പിഎഫ് സമര്‍പ്പിച്ച രേഖാമൂലമുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അപകടം നടന്ന് 40 മിനിറ്റിന് ശേഷമാണ് അഗ്നിശമന സേനയെ വിവരമറിയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനാസ്ഥയുടെ ഭാഗമായാണ് അപകടം ഉണ്ടായതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യങ്ങള്‍ നിഷേധിക്കുകയാണ്. സ്റ്റേഷനില്‍ തിരക്ക് ഇല്ലായിരുന്നുവെന്ന് തന്നെയാണ് മന്ത്രിയുടെ വാദം. 

പ്രയാഗ്‌രാജിലേക്ക് രണ്ട് മണിക്കൂറിനിടെ നാല് ട്രെയിനുകൾ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 8.15 നും 10.10 നും ഇടയിൽ പുറപ്പെടുമെന്നായിരുന്നു അറിയിപ്പ്. ഈ അറിയിപ്പ് ആശയക്കുഴപ്പം ഉണ്ടാക്കുകയും യാത്രക്കാര്‍ നടപ്പാതയിലേക്ക് ഇരച്ചെത്താന്‍ കാരണമാവുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ഓരോ മണിക്കൂറിലും ഏകദേശം 1,500 ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിൽ വിറ്റഴിക്കപ്പെട്ടുവെന്നും അതിലും കൂടുതൽ ഓൺലൈനായി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഡൽഹിയിൽ നിന്നും പ്രയാഗ്‌രാജ് വഴി വാരാണസിയിലേക്ക് പോകുന്ന ശിവ് ഗംഗാ എക്സ്പ്രസ് രാത്രി 8.15ന് പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നുവെന്നും, 14-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രയാഗ്‌രാജ് വഴി പശ്ചിമ ബംഗാളിലെ ഇസ്ലാംപൂരിലേക്കുള്ള മഗധ് എക്സ്പ്രസ് രാത്രി ഒമ്പത് മണിക്ക് പുറപ്പെടേണ്ടതായിരുന്നുവെന്നും, അതേ പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രയാഗ്‌രാജ് എക്സ്പ്രസ് രാത്രി 10.10ന് പുറപ്പെടേണ്ടതായിരുന്നുവെന്നും ആർപിഎഫ് റിപ്പോർട്ടില്‍ പറയുന്നു. ശിവ് ഗംഗാ എക്സ്പ്രസ് പുറപ്പെട്ടപ്പോഴേക്കും യാത്രക്കാർക്ക് തിരക്കേറിയ ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല. കുറച്ച് സമയത്തിനു ശേഷം കുംഭ മേള സ്പെഷ്യല്‍ ട്രെയിന്‍ പ്ലാറ്റ്ഫോം നമ്പര്‍ 16ല്‍ നിന്നും പുറപ്പെടും എന്ന അറിയിപ്പ് വന്നു. ഇതോടെ 12–13, 14–15 പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന യാത്രക്കാര്‍ 16-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇരച്ചെത്തി. ഇതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 

തിരക്ക് വര്‍ധിച്ചതോടെ ആർ‌പി‌എഫിന്റെ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മിഷണർ സ്റ്റേഷൻ മാനേജരോട് കൂടുതൽ ടിക്കറ്റുകൾ നൽകരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ആയിരക്കണക്കിന് ആളുകൾ അപ്പോഴേക്കും ഇരച്ചുകയറാൻ തുടങ്ങിയിരുന്നുവെന്നും ആര്‍ പിഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാത്രി 9.15നാണ് ആളുകള്‍ അപകടത്തില്‍പ്പെടുന്നത്. എന്നാല്‍ 40 മിനിറ്റിനുശേഷം അതായത് 9.55 നാണ് അഗ്നിശമന സേനയെ അധികൃതര്‍ വിവരമറിയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

Exit mobile version