രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. പച്ചക്കറികള്‍, മസാല, പാല്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് വിപണിയില്‍ പൊള്ളുന്ന വിലയാണ്. പെട്രോള്‍ വില വര്‍ധനവിനെ തുടര്‍ന്ന് ഗതാഗത ചെലവ് കൂടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. 17 ദിവസത്തെ കാലയളവില്‍ 14 ദിവസവും ഇന്ധനവില വര്‍ധിച്ചു. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ പെട്രോള്‍ ലിറ്ററിന് യഥാക്രമം 105.41, 120.51 എന്നിങ്ങനെയാണ് വില. ഡീസലിന് 96.67 രൂപയും 104.77 രൂപയുമാണ്. ഡല്‍ഹി, ബംഗളുരു, ഹൈദരാബാദ്, കൊല്‍ക്കത്ത, സൂറത്ത് തുടങ്ങിയ വന്‍ നഗരങ്ങളിലെല്ലാം വില കുതിച്ചുയരുകയാണ്.
നേരത്തെ ഒരു കിലോയ്ക്ക് 25 മുതല്‍ 30 രൂപ വരെയുണ്ടായിരുന്ന തക്കാളിയുടെ വില 50 രൂപയിലധികമായതായി ഡല്‍ഹിയിലെ കച്ചവടക്കാര്‍ പറയുന്നു. ഒരു കിലോ ഉരുളക്കിഴങ്ങിന്റെ വില 10 രൂപയില്‍ നിന്ന് 35 രൂപയായി വര്‍ധിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. എല്ലാത്തരം പച്ചക്കറികളുടെയും വില വര്‍ധിച്ചു. ഇരട്ടിവിലയായതിനാല്‍ പച്ചക്കറികള്‍ വാങ്ങുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു.
പഴവര്‍ഗങ്ങളുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കിലോയ്ക്ക് 20 രൂപയായിരുന്ന തണ്ണിമത്തന് ഇപ്പോള്‍ 40 രൂപയാണ്. നിരവധി കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി പച്ചമുളകും മല്ലിയിലയും നല്‍കുന്നത് നിര്‍ത്തി. ചെറുനാരങ്ങ വിപണി വില കിലോയ്ക്ക് 350 രൂപയാണ്. ഹൈദരാബാദില്‍ 10 രൂപയ്ക്ക് ഒരു ചെറുനാരങ്ങയാണ് ലഭിക്കുക. കാപ്‌സിക്കം കിലോയ്ക്ക് 120 രൂപയാണ് വില. സവാളയുടെ വിലയും വര്‍ധിച്ചു.
തക്കാളി, സവാള എന്നിവയുള്‍പ്പെടെ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ പച്ചക്കറികളും എത്തുന്നത് മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ്. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ഗതാഗത ചെലവ് കൂടിയപ്പോള്‍ ഇവയുടെ വിലയില്‍ കിലോയ്ക്ക് 10 മുതല്‍ 25 രൂപയുടെ വര്‍ധനവ് ഉണ്ടായെന്നും കച്ചവടക്കാര്‍ പറയുന്നു. പാല്‍പ്പൊടി, ന്യൂഡില്‍സ്, തേയില, കാപ്പിപ്പൊടി എന്നിവയുടെ വിലയിലും വര്‍ധനവ് ഉണ്ടായി.
ആഗോളതലത്തിലും വിലകൂടി
റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ ആഗോളതലത്തില്‍ ഭക്ഷ്യോല്പന്നങ്ങളുടെ വിലയില്‍ റെക്കോഡ് വര്‍ധനവ് ഉണ്ടായതായി യുഎന്‍ ഫുഡ് ഏജന്‍സി പറയുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന ഭക്ഷ്യോല്പന്നങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഭക്ഷ്യ‑കാർഷിക സംഘടന (എഫ്എഒ) യുടെ ഭക്ഷ്യ വില സൂചിക ഫെബ്രുവരിയിലെ 141.4ല്‍ നിന്നും മാര്‍ച്ചില്‍ 159.3 പോയിന്റ് ആയി ഉയര്‍ന്നിരുന്നു.
English Summary:Rs 350 per kg of lemon; One is ten rupees
You may also like this video