മലബാർ മിൽമ ക്ഷീര കർഷകർക്ക് അധിക പാൽവിലയായി നാല് കോടി രൂപ നൽകും. ഫെബ്രുവരി ഒന്നു മുതൽ 28വരെ മേഖലാ യൂണിയന് പാൽ നൽകുന്ന എല്ലാ ക്ഷീര സംഘങ്ങൾക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ അധിക പാൽ വിലയായി നൽകാനാണ് മലബാർ മേഖലാ യൂണിയൻ ഭരണസമിതി യോഗം തീരുമാനിച്ചത്.
പ്രതിദിനം ഏകദേശം എഴ് ലക്ഷം ലിറ്റർ പാലാണ് മലബാറിലെ ആറ് ജില്ലകളിലെ സഹകരണ സംഘങ്ങളിലൂടെ മിൽമ വാങ്ങുന്നത്. ഇതു പ്രകാരം ഫെബ്രുവരി മാസത്തിൽ മലബാറിലെ ക്ഷീര കർഷകരിലേക്ക് നാലു കോടി രൂപ അധിക പാൽവിലയായി എത്തിച്ചേരും.
മിൽമ ഡെയറിയിൽ സംഭരിച്ച നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ അധിക വിലയായി കണക്കാക്കി അർഹമായ ക്ഷീര സംഘങ്ങളുടെ അക്കൗണ്ടിലേക്ക് പാൽവിലയോടൊപ്പം നൽകും. ക്ഷീര സംഘങ്ങൾ ഈ തുക ക്ഷീര കർഷകർക്ക് നൽകും. അധിക പാൽവില കൂടെ കൂട്ടുമ്പോൾ മിൽമ ക്ഷീര സംഘങ്ങൾക്ക് നൽകുന്ന ഒരു ലിറ്റർ പാലിന്റെ വില 47.59 രൂപയാകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി, മാനെജിംഗ് ഡയറക്ടർ ഡോ. പി മുരളി എന്നിവർ അറിയിച്ചു.
English Summary: Rs 4 crore to dairy farmers
You may also like this video