വര്‍ഗീയവിദ്വേഷം പരത്തുന്ന പ്രസ്താവനയുമായി ഗോവ ആര്‍എസ്എസ് മുന്‍ അധ്യക്ഷന്‍ സുഭാഷ് വെലിങ്കാര്‍. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് ഡിഎന്‍എ പരിശോധന നടത്തണമെന്ന വെലിങ്കാറുടെ പരാമര്‍ശം വിവാദമായി. മതവികാരം വ്രണപ്പെടുത്തിയെന്നും സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ചര്‍ച്ചില്‍ അലിമാവോ പൊലീസില്‍ പരാതി നല്‍കി.
സംസ്ഥാനത്തെ സാമൂഹ്യ സൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. നവംബര്‍ 21 മുതല്‍ അടുത്ത വര്‍ഷം ജനുവരി അഞ്ച് വരെ ഗോവയില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പുകളുടെ ദശാബ്ദ പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനിടെയാണ് മുന്‍ ആര്‍എസ്എസ് നേതാവ് വിവാദ പരാമര്‍ശം നടത്തിയത്.
സ്പാനിഷ് മിഷണറിയായിരുന്ന സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ 1542 ലാണ് പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഗോവയിലെത്തിയത്. 1552ല്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയുടെ തീരത്തുള്ള സാന്‍സിയന്‍ ദ്വീപില്‍ വച്ച് അന്തരിച്ചു. പഴയ ഗോവയിലെ ബോംജീസസ് ബസലിക്കയില്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ പ്രതിഷ‍്ഠിച്ചിട്ടുണ്ട്.