Site iconSite icon Janayugom Online

വീണ്ടും ജാഗ്രത; അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

ചൈനയിലെ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. അഞ്ച് രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ചൈനയില്‍ വ്യാപനത്തിന് കാരണമായ ബിഎഫ്7 ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ചൈനയ്ക്കു പുറമെ ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയോ രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയോ ചെയ്താല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. യാത്രക്കാര്‍ നിലവിലെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്ന എയർ സുവിധ ഫോമുകൾ പൂരിപ്പിക്കുന്നത് നിർബന്ധമാക്കും. കോവിഡ് മാനദണ്ഡപ്രകാരം ഏർപ്പെടുത്തിയ എയർ സുവിധ കഴിഞ്ഞ മാസം സർക്കാർ പിൻവലിച്ചിരുന്നു.

നിലവില്‍ വിമാനയാത്രക്കാരില്‍ രണ്ടു ശതമാനം പേര്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.
നിലവില്‍ രാജ്യത്ത് തീവ്ര രോഗവ്യാപനം ഇല്ലെങ്കിലും മെഡിക്കല്‍ ഓക്സിജന്‍, വെന്റിലേറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യത, കരുതല്‍ ഓക്‌സിജന്‍ ശേഖരം, സിലിണ്ടറുകള്‍ വേഗത്തില്‍ നിറയ്ക്കാനുള്ള സംവിധാനം തുടങ്ങിയവ ഉറപ്പാക്കണം. പിഎസ്എ പ്ലാന്റുകളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്താനും ജനിതക ശ്രേണികരണം ശക്തമാക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. 2021ലെ രണ്ടാം തരംഗത്തില്‍ രൂക്ഷമായ ഓക്സിജൻ ക്ഷാമം രാജ്യത്തുണ്ടായിരുന്ന പശ്ചാത്തലത്തിലാണിത്. അതേസമയം അന്താരാഷ്ട്ര വിമാനങ്ങള്‍ നിരോധിക്കേണ്ടതോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതോ ആയ സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 200 പേര്‍ക്കാണ് ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 3397 സജീവ രോഗികളാണ് ഉള്ളത്. 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Eng­lish Sum­ma­ry: rtpcr test manda­to­ry for inter­na­tion­al passengers
You may also like this video

Exit mobile version