Site iconSite icon Janayugom Online

ഗ്രാമീണ ആരോഗ്യ രംഗം ശോച്യാവസ്ഥയിൽ: കേരളം വ്യത്യസ്തം

healthhealth

രാജ്യത്ത് ആരോഗ്യ പരിരക്ഷാ സംവിധാനം തകർച്ചയുടെ വക്കിലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ജനങ്ങൾക്ക് അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ രാജ്യം ഇപ്പോഴും വളരെ പിന്നിലാണെന്ന് ഗ്രാമീണ ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഏതാണ്ട് 75 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും ചികിത്സാ സൗകര്യങ്ങളുമില്ലെന്ന് റിപ്പോർട്ട് പറയുന്നു.
ഗ്രാമീണ മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സ്പെഷ്യലിസ്റ്റുകളുടെ എണ്ണം ദയനീയമായ അവസ്ഥയിലാണ്. 2021 ലെ കണക്കുകളനുസരിച്ച് 79.9 ശതമാനമാണ് സ്പെഷ്യലിസ്റ്റുകളുടെ കുറവ്. 5,481 സിഎച്ച്സികളിൽ 82.2 ശതമാനം ഫിസിഷ്യൻമാരും 80. 6 ശതമാനം ശിശുരോഗ വിദഗ്ധരും കുറവാണ്. റേഡിയോഗ്രാഫർമാരുടെ കുറവ് 2020ലെ 54.5ൽ നിന്ന് 2021 ൽ 58 ശതമാനമായി വർധിച്ചു. മറ്റ് മേഖലകളിലെ കുറവും വളരെ അകലെയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുൾപ്പെടെ 15.9 ശതമാനം ഫാർമസിസ്റ്റുകളുടെയും 24.9 ശതമാനം ലബോറട്ടറി ടെക്നീഷ്യൻമാരുടെയും 8.3 ശതമാനം നഴ്സിങ് സ്റ്റാഫുകളുടെയും കുറവുണ്ട്.
ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ കൂടുതൽ പരിതാപകരമാണ്. സബ് ഡിവിഷണൽ/ജില്ലാ ആശുപത്രികളിലെയും കിടക്കകളുടെ എണ്ണം 2021ൽ 0.5 ശതമാനം മാത്രമാണ് വർധിച്ചത്. ഗ്രാമപ്രദേശങ്ങളിൽ 34.2 ശതമാനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് 24 മണിക്കൂർ സേവനം ലഭിക്കുന്നത്. 34.7 ശതമാനം മാത്രമാണ് ഓപ്പറേഷൻ തിയറ്റർ സൗകര്യം. 67.2 ശതമാനം സിഎച്ച്സികളിൽ മാത്രമേ നവജാതശിശു യൂണിറ്റ് ഉള്ളൂ.
അടിസ്ഥാന സൗകര്യങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും അഭാവം സ്ത്രീകളെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. 60 ശതമാനം സ്ത്രീകളാണ് ആരോഗ്യ സംരക്ഷണം തേടുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡ് പശ്ചാത്തലത്തിൽ 2020 നെ അപേക്ഷിച്ച് 2021ല്‍ ആരോഗ്യപരിരക്ഷാ രംഗത്ത് രാജ്യം കൂടുതൽ മോശമായെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ രേഖകൾ പറയുന്നു.

കേരളം വ്യത്യസ്തം

നിതി ആയോഗിന്റെ ആരോഗ്യ സൂചിക പ്രകാരം ആരോഗ്യ പരിപാലനനിർവഹണത്തിൽ കേരളം രാജ്യത്ത് ഏറ്റവും മുന്നിലാണ്. ചികിത്സാരംഗത്തെ 23 സൂചകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനത്തിന്റെ റാങ്ക്.
ആരോഗ്യ പരിരക്ഷ എപ്പോഴും എല്ലാ വിഭാഗം ജനങ്ങൾക്കും എളുപ്പത്തിൽ ലഭ്യമാകുന്ന വിധം സൗകര്യങ്ങൾ കൊണ്ടുവരിക എന്നതാണ് ഇവിടത്തെ സർക്കാരിന്റെ സമീപനം. ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ എണ്ണത്തിലും വ്യാപനത്തിലും സംസ്ഥാനത്ത് ഗ്രാമ നഗര വ്യത്യാസം നോക്കാറില്ല. ഓരോ പഞ്ചായത്തിനും ഒരു സർക്കാർ ആരോഗ്യകേന്ദ്രം നിലവിലുണ്ട്. കുടുംബാസൂത്രണം, മാതൃ-ശിശു ആരോഗ്യം, പോഷകാഹാരം, രോഗപ്രതിരോധം എന്നിവ സംയോജിപ്പിച്ച് പൊതുആരോഗ്യ സേവനങ്ങളുടെ ഭാഗമാക്കിയിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമുള്ള കേരളത്തിലാണ് രാജ്യത്തിന്റെ മൂന്നിൽ രണ്ട് പാലിയേറ്റീവ് കെയർ സേവനങ്ങൾ നൽകുന്നത്. സാന്ത്വന പരിശീലന നയവും കമ്മ്യൂണിറ്റി അധിഷ്ഠിത (ജനകീയ) പരിപാടികൾക്ക് ധനസഹായവുമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. കേരളത്തിലെ കമ്മ്യൂണിറ്റി അധിഷ്ഠിത ‘നൈബർ ഹുഡ് നെറ്റ്‍വർക്ക് ഇൻ പാലിയേറ്റീവ് കെയർ’ പദ്ധതിയിൽ സന്നദ്ധ പ്രവർത്തകരുടെ ഒരു വലിയ നിര തന്നെയുണ്ട്.

Eng­lish Sum­ma­ry: Rur­al health scene in sham­bles: Ker­ala is different

You may like this video also

Exit mobile version