Site icon Janayugom Online

റഷ്യ‑ഉക്രെയ്‌ന്‍; അകലെ കൊള്ളാത്തവന്‍ അടുത്തും കൊള്ളില്ല

putin

കോവിഡ് തരംഗങ്ങള്‍ ഭൂമിയില്‍ മനുഷ്യവാസത്തിന്റെ നശ്വരതയെക്കുറിച്ചും അതിജീവനത്തിന്റെ വെല്ലുവിളികളെക്കുറിച്ചും മാനവരാശിക്ക് ഉത്തമ ബോധ്യങ്ങളും ധാരണകളും ഉണ്ടാക്കികൊടുത്തു എന്ന് വിചാരിക്കുന്നതിനിടയിലാണ് റഷ്യ ഉക്രെയ്‌നില്‍ അധിനിവേശം നടത്തിയിരിക്കുന്നത്. വേണമെങ്കില്‍ ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് തന്നെ നീങ്ങാവുന്ന കാരണങ്ങള്‍ റഷ്യ‑ഉക്രെയ്‌ന്‍ യുദ്ധത്തില്‍ അടയിരിപ്പുണ്ട്. ഈ ആധുനിക ലോകക്രമത്തിലും നവലിബറല്‍ കാലഘട്ടത്തിലും ലോകത്തിന്റെ ഏതെങ്കിലുമൊരു മൂലയിൽ സംഭവിക്കുന്ന പ്രതികൂലമോ അനുകൂലമോ ആയ കാര്യങ്ങള്‍ക്ക് പോലും ആഗോളതലത്തില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ അധിക സമയം വേണ്ട. കോവിഡ് മഹാമാരി ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകം മുഴുവന്‍ പടരാന്‍ ഒരു വര്‍ഷം പോലും വേണ്ടിവന്നില്ല. അതുപോലെ തന്നെ കോവിഡ് തരംഗങ്ങള്‍ കെട്ടടങ്ങാന്‍ തുടങ്ങിയതോടെ ലോകസമ്പദ്‌വ്യവസ്ഥയും പുനരുജ്ജീവനത്തിന്റെ പാതയിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിലാണ് റഷ്യയുടെ ഉക്രെയ്‌ന്‍ അധിനിവേശം ദേശീയവും അന്തര്‍ദേശീയവുമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്നതും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതും.

റഷ്യ എന്തുകൊണ്ട് ഒരു യുദ്ധത്തിന് പൊടുന്നനെ പുറപ്പെട്ടു എന്ന ചോദ്യത്തിന് അവര്‍ക്ക് അവരുടേതായ ന്യായവാദങ്ങളുണ്ട്. റഷ്യന്‍ അധിനിവേശത്തെ അപലപിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ഉക്രെയ്‌നും അവകാശപ്പെടാന്‍ വാദങ്ങളുണ്ട്. ഈ രണ്ട് രാഷ്ട്രങ്ങളെയും സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടതിന്റെ മൂലകാരണം തിരഞ്ഞു ചെല്ലുമ്പോള്‍ പ്രതിനായകനായി മറഞ്ഞിരിക്കുന്നത് അമേരിക്ക തന്നെയാണെന്ന് സ്പഷ്ടമാകും. അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് തോന്നുന്ന ഏത് രാഷ്ട്രത്തെയും ഭീഷണിപ്പെടുത്തുകയും യുദ്ധമുഖത്തേക്ക് തള്ളിവിടുകയും ആയുധങ്ങള്‍ വിറ്റ് പണക്കൂമ്പാരം സൃഷ്ടിക്കുകയുമായിരുന്നല്ലോ യുഎസിന്റെ രാഷ്ട്രതന്ത്രജ്ഞത. എന്നാല്‍ റഷ്യയുടെ ഉക്രെയ്‌ന്‍ അധിനിവേശത്തില്‍ നിരാശ്രയനായ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ നാറ്റോയുടെ തലവനായ അമേരിക്ക ഓതിരം കടകം മറിഞ്ഞ് രംഗത്തുനിന്ന് നിഷ്ക്രമിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ സ്വാധീനം വിപുലപ്പെടുത്തി തങ്ങള്‍ക്ക് കീഴില്‍ അധികാര ധ്രുവീകരണത്തിന് കോപ്പുകൂട്ടിയ യുഎസ് മറ്റു ചില ധ്രുവീകരണങ്ങളെ ഭയക്കുന്നുവെന്ന് വേണം അനുമാനിക്കാന്‍.


ഇതുകൂടി വായിക്കൂ: യുദ്ധം അവസാനിപ്പിക്കണം, ചർച്ചയാണ് വേണ്ടത്


1949ല്‍ പടി‍ഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ മുന്‍കയ്യെടുത്ത് നാറ്റോ സഖ്യം രൂപവല്കരിച്ചത് സോവിയറ്റ് യൂണിയന്റെ ശക്തി തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തോടെ ശീതയുദ്ധത്തിന് വിരാമമാകുകയും നാറ്റോയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. മാത്രമല്ല, അമേരിക്കയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സൈനിക ശക്തിയായി നാറ്റോ തുടരുന്നതിനെക്കുറിച്ച് അംഗരാഷ്ട്രങ്ങളില്‍ നിന്നുപോലും വിമര്‍ശനമുയരുകയുമുണ്ടായി. എങ്കിലും നാറ്റോ അംഗബലം വര്‍ധിപ്പിച്ചുകൊണ്ടു തന്നെയിരുന്നു. റഷ്യന്‍ അതിര്‍ത്തിയെ തൊട്ടുകിടക്കുന്ന എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാള്‍ട്ടിക് രാജ്യങ്ങളില്‍ വരെ നാറ്റോ സ്വാധീനമുറപ്പിച്ചു. ഒടുവില്‍ അംഗത്വവിതരണവുമായി ഉക്രെയ്‌ന്റെ വാതില്‍ക്കല്‍ നാറ്റോ എത്തിയപ്പോഴാണ് റഷ്യ യുദ്ധത്തിന് തുനിഞ്ഞിറങ്ങിയത്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയ്‌ന്‍ ഇന്നൊരു സ്വതന്ത്രരാഷ്ട്രമാണ്. അവര്‍ ആരോട് സഖ്യമുണ്ടാക്കണമെന്നതും ഏത് ചേരിയില്‍ നില്‍ക്കണമെന്നുമൊക്കെ തീരുമാനിക്കാനുള്ള അവകാശം ആ രാഷ്ട്രത്തിനുണ്ട്. ഈ അവകാശത്തിലും സ്വാതന്ത്ര്യത്തിലുമാണ് റഷ്യ കടന്നുകയറ്റം നടത്തിയിരിക്കുന്നത്.

 

ഉക്രെയ്‌ന്‍ ജനത കൂട്ടക്കുരുതിക്ക് ഇരയാകുമ്പോള്‍, പലായനം ചെയ്യുമ്പോള്‍ നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ റഷ്യയുടെ മേല്‍ ഉപരോധമേര്‍പ്പെടുത്തുകയും ഉക്രെയ്‌ന് കൂടുതല്‍ ആയുധങ്ങള്‍ നല്കി യുദ്ധം രൂക്ഷമാകാന്‍ ശ്രമിക്കുകയുമല്ലാതെ പ്രത്യക്ഷത്തില്‍ ഇടപെടുന്നേയില്ല. ആ ജനതയെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഉക്രെയ്‌നിലെ ദുരന്തങ്ങള്‍ ഇന്ത്യാക്കാരിലും ആശങ്കകളും അസ്വസ്ഥതകളും നിറച്ചിരിക്കുകയാണ്. യുദ്ധഭൂമിയില്‍പെട്ടുപോയ ആയിരക്കണക്കിന് ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുക എന്ന വലിയ വെല്ലുവിളിയാണ് രാഷ്ട്രം നേരിടുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രക്ഷാകവാടങ്ങളിലേക്ക് എത്താനാകാതെ വിഷമിക്കുന്ന അവസ്ഥ രാജ്യത്തിന്റെ മുഴുവന്‍ ഉറക്കം കെടുത്തുകയാണ്. മക്കളെ ഡോക്ടര്‍മാരാക്കുക എന്ന മോഹത്തോടെ ഉക്രെയ്‌ന്‍ പോലുള്ള അവികസിത രാഷ്ട്രങ്ങളിലേക്ക് രക്ഷിതാക്കള്‍ പറഞ്ഞയക്കുമ്പോള്‍ അവരുടെ ഭാവിയും തൊഴില്‍ സാധ്യതകളും ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്ത്യക്കാരെ ഉക്രെയ്‌നില്‍ നിന്ന് രക്ഷപ്പെടുത്തുക എന്ന ദൗത്യം പോലെ തന്നെ ദുഷ്കരമായിരിക്കുകയാണ് റഷ്യ‑ഉക്രെയ്‌ന്‍ പ്രശ്നത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് നയതന്ത്രജ്ഞതയും. റഷ്യന്‍ അധിനിവേശത്തിനെതിരെ യുഎന്‍ കൊണ്ടുവരുന്ന ഓരോ പ്രമേയത്തിനും വോട്ടുചെയ്യാതെ ഇന്ത്യക്ക് വിട്ടുനില്‍ക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. അയല്‍രാജ്യങ്ങളുമായൊന്നും നല്ല ബന്ധമില്ലാത്ത ഇന്ത്യക്ക് ചൈന‑റഷ്യ കൂട്ടുകെട്ട് ശക്തമാകുന്നതിനെക്കുറിച്ച് ഉത്ക്കണ്ഠകളുയരുക സ്വാഭാവികം.


ഇതുകൂടി വായിക്കൂ: സമ്പദ്ഘടനയിലും യുദ്ധം


ആണവനിലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഉക്രെയ്‌നിലെ പ്രദേശങ്ങള്‍പോലും റഷ്യ കീഴടക്കിക്കഴിഞ്ഞ അവസ്ഥയില്‍ ഉക്രെയ്‌നു മുകളിലൂടെയുള്ള വ്യോമപാത അടയ്ക്കണമെന്ന അഭ്യര്‍ത്ഥനപോലും നാറ്റോ അംഗീകരിച്ചിട്ടില്ല. “അകലത്തെ ബന്ധുവെക്കാള്‍ അരികത്തെ ശത്രുനല്ലൂ” എന്ന് അമേരിക്കയെ പ്രതി ഉക്രെയ്‌ന് ബോധ്യപ്പെട്ടിട്ടുണ്ടാവണം.

ഈ ആഗോളീകരണകാലത്ത് ഒരു യുദ്ധവും ആരും ജയിക്കാന്‍ പോകുന്നില്ല. ഉക്രെയ്‌ന്‍ എന്ന രാഷ്ട്രത്തെ നിരായുധമാക്കാനുള്ള പുറപ്പാടിന് ഏറെ കാലം നീളുന്ന ദുരിതങ്ങളാവും റഷ്യയും അനുഭവിക്കേണ്ടി വരിക. ആഗോളവ്യാപാരം, മൂലധനമൊഴുക്ക്, ഓഹരി വിപണികള്‍, സാങ്കേതികവിദ്യാ വിപണനം തുടങ്ങിയ മേഖലകളില്‍ റഷ്യ ഇപ്പോഴെ തിരിച്ചടി നേരിട്ടു തുടങ്ങി. 200 രാജ്യങ്ങളിലായി 11,000 ബാങ്കുകള്‍ ഉള്‍പ്പെടുന്ന സ്വിഫ്റ്റ് ബാങ്കിങ് (സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ടെലികമ്മ്യൂണിക്കേഷന്‍) സംവിധാനത്തില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ വിലക്കിയിരിക്കുകയാണ്. ഇതിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധമാണ് റഷ്യ അനുഭവിക്കുന്നത്. റഷ്യയിലെ വന്‍ വ്യവസായികള്‍ പുടിനെതിരെ തിരിഞ്ഞു തുടങ്ങി. എന്നിട്ടും അദ്ദേഹം അന്തര്‍ദേശീയ നിയമങ്ങളെയും കരാർ വ്യവസ്ഥകളെയും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊക്കെയുള്ള വില കൊടുക്കേണ്ടിവരുന്നത് റഷ്യ‑ഉക്രെയ്‌‌ന്‍ ജനതയും മറ്റ് ലോകരാഷ്ട്രങ്ങളുമാണ്.


ഇതുകൂടി വായിക്കൂ:  ഉത്തരം യുദ്ധമല്ല


യുദ്ധം മുറുകുകയും ഉപരോധങ്ങള്‍ കടുക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയെപ്പോലെ ഇന്ധന സ്വയംപര്യാപ്തതയില്ലാത്ത രാഷ്ട്രങ്ങള്‍ കൂടുതല്‍ കടക്കെണിയിലാകും. യുദ്ധം തുടങ്ങിയതോടെ ക്രൂഡോയില്‍ വില ഉയര്‍ന്നുതുടങ്ങി. ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടു മാത്രം വിലകൂട്ടാതിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉല്പാദകരാണ് റഷ്യ. ഇന്ത്യയില്‍ എല്‍പിജി ഉപയോഗത്തിന്റെ 60 ശതമാനവും എല്‍എന്‍ജിയുടെ 50 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. യൂറോപ്പിലെ മിക്ക രാഷ്ട്രങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്.

ലോകത്തിന്റെ ഏതൊരു മൂലയില്‍ സംഭവിക്കുന്ന കാര്യവും ആഗോള പ്രതിഫലനമുണ്ടാക്കുമെന്നിരിക്കെ തന്നിഷ്ടം കാട്ടുന്ന രാജ്യങ്ങളെ നിയന്ത്രിക്കാനും മെരുക്കാനും അന്താരാഷ്ട്ര സംഘടനകളും കോടതികളും ഇനിയും ശക്തിയാര്‍ജിക്കേണ്ടിയിരിക്കുന്നു.

മാറ്റൊലി

രക്ഷാദൗത്യത്തിന്റെ പേരില്‍ റൊമാനിയയില്‍ എത്തിയ കേന്ദ്രമന്ത്രിയോട് അവിടുത്തെ മേയര്‍ ചോദിച്ചു, “ഭക്ഷണവും സുരക്ഷയും ഞങ്ങളൊരുക്കുമ്പോള്‍ നിങ്ങളെന്തിനാണ് പ്രസംഗിക്കുന്നത്”?

Exit mobile version