December 1, 2023 Friday

സമ്പദ്ഘടനയിലും യുദ്ധം

Janayugom Webdesk
മുംബൈ
March 7, 2022 11:03 pm

ആടിയുലഞ്ഞ് ഓഹരിവിപണി

മുംബൈ: തുടരുന്ന യുദ്ധവും ഉപരോധവും ആഗോള ഓഹരി വിപണികളെ അനിശ്ചിതത്വത്തിലാക്കി. ഇന്ത്യന്‍ ഓഹരിവിപണികളും ആടിയുലഞ്ഞു. എട്ടു മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്കാണ് സൂചികകള്‍ കൂപ്പുകുത്തിയത്.

ഒരുവേള 2000 പോയിന്റ് ഇടിഞ്ഞ് 52,367 നിലവാരത്തിലെത്തിയെങ്കിലും പിന്നീട് നേരിയ തോതില്‍ തിരിച്ചുകയറി. ഒടുവില്‍ 1,491 പോയിന്റ് നഷ്ടത്തില്‍ 52,843ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2.74ശതമാനം ഇടിവ് നേരിട്ടു. നിഫ്റ്റി 15,711 എന്ന താഴ്ന്ന നിലവാരത്തിലെത്തിയെങ്കിലും 382 പോയിന്റ് നഷ്ടത്തില്‍ 15,863 ല്‍ വ്യാപാരം നിര്‍ത്തി. 2.35 ശതമാനം ഇടിവുണ്ടായി.

 

എണ്ണവില കത്തുന്നു

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നു. ബാരലിന് 130 ഡോളറാണ് നിലവില്‍ ക്രൂഡ് ഓയിലിന്റെ വില. ഇന്നലെ 139 ഡോളര്‍ എന്ന നിലയില്‍ വരെ വില ഉയര്‍ന്നിരുന്നു. 13 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയില്‍ വില ഒമ്പത് ശതമാനം ഉയര്‍ന്നു.

2008ന് ശേഷം ആദ്യമായാണ് എണ്ണവില ഇത്രയും ഉയരത്തിലെത്തുന്നത്. ഇതോടെ ഇന്ത്യയില്‍ ഇന്ധന വില വര്‍ധിച്ചേക്കുമെന്നാണ് സൂചന. പെട്രോള്‍, ഡീസല്‍ വില നിര്‍ണയം മരവിപ്പിച്ച നവംബറില്‍ ശരാശരി 81.50 രൂപയായിരുന്നു അസംസ്‌കൃത എണ്ണയുടെ വില.

റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിർത്താൻ യുഎസും യൂറോപ്യൻ രാജ്യങ്ങളും പരിഗണിക്കുന്നത് വിപണിക്ക് തിരിച്ചടിയായി. റഷ്യയില്‍ ഉല്പാദനം നടക്കുന്നുണ്ടെങ്കിലും ആഗോള ബാങ്കിങ് ഇടപാടുകള്‍ക്കുള്ള ഉപരോധവും ചരക്കു നീക്കത്തിലെ തടസവും സാഹചര്യം കൂടുതല്‍ വഷളാക്കി. ആണവ കരാർ ചർച്ച പൂർത്തീകരിച്ച് ഇറാൻ എണ്ണ വിപണിയിൽ ലഭ്യമാകുമെന്ന പ്രതീക്ഷ തകർന്നതും വില ഉയരാൻ വഴിയൊരുക്കി.

നാലു മാസമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിക്കുമ്പോള്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് പന്ത്രണ്ടു രൂപയെങ്കിലും കൂടുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് പെട്രോള്‍ വില ഒറ്റയടിക്ക് 25 രൂപ വരെ ഉയര്‍ന്നേക്കുമെന്നും വിലയിരുത്തലുണ്ട്. ഇതിന് അനുസരിച്ച് എക്സൈസ് തീരുവ കുറയ്ക്കാന്‍ തയാറായില്ലെങ്കില്‍ രാജ്യത്ത് വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമാകും.

 

സ്വര്‍ണത്തിന് റെക്കോഡ് കുതിപ്പ്

ഉക്രെയ്ന്‍ പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീണ്ടും വന്‍കുതിപ്പ്. ഇന്നലെ 800 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. യുദ്ധസാഹചര്യം നിലനിന്നാല്‍ സ്വര്‍ണം പവന് 40,000 കടന്നേക്കുമെന്നാണ് വിലയിരുത്തല്‍.

 

രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 81 പൈസ ഇടിഞ്ഞ് 76.98 ആയിരുന്നു. തുടര്‍ന്ന് 77.01 എന്ന ചരിത്രത്തിലെ ഏറ്റവും മൂല്യച്യുതിയിലേക്ക് വീണു.

ഇന്നലെ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ യുഎസ് ഡോളറിനെതിരെ 76.85 ല്‍ തുടങ്ങിയ രൂപ പിന്നീട് 76.98 എന്ന നിലവാരത്തിലേക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച 76.16 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.