ആരും ആഗ്രഹിച്ചില്ലെങ്കിലും റഷ്യയുടെ ആക്രമണവും ദുര്‍ബലമെങ്കിലും ഉക്രെയ്‍ന്റെ തിരിച്ചടികളും ലോകത്ത് വീണ്ടും യുദ്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുന്നു. ആകാശത്ത് യുദ്ധമേഘങ്ങള്‍ കനക്കുമ്പോഴെല്ലാം മാനവരാശി ആഗ്രഹിച്ചത് ഇനിയൊരു യുദ്ധം വേണ്ടെന്നാണ്. സാമ്രാജ്യത്ത — സോഷ്യലിസ്റ്റ് ചേരിയുടെയും ശീതയുദ്ധത്തിന്റെയും കാലത്തും ഇനിയൊരു യുദ്ധം വേണ്ടെന്ന് ലോകം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പക്ഷേ ചേരികളും ശീതയുദ്ധ സാഹചര്യങ്ങളും ഇല്ലാതാകുമ്പോഴും ആയുധ വ്യാപാരത്തിനും ഭൗതികനേട്ടങ്ങള്‍ക്കും പ്രകൃതിവിഭവങ്ങള്‍ കയ്യടക്കുന്നതിനുംവേണ്ടി നിലകൊള്ളുന്ന ശക്തികള്‍ പലപ്പോഴും യുദ്ധത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. മുന്‍കാല യുദ്ധങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ദയനീയമായിരുന്നുവെന്ന് ഓര്‍ത്തെടുക്കുമ്പോഴും യുദ്ധാന്തരീക്ഷം സൃഷ്ടിക്കുക എന്നതുപോലും അവര്‍ക്ക് വ്യാപാര സാധ്യതയായിരുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ തീക്ഷ്ണമായ ദുരിതങ്ങളും കണക്കാക്കി തീര്‍ന്നിട്ടില്ലാത്ത നാശ നഷ്ടങ്ങളും ചിത്രങ്ങളും രേഖകളുമായി മേശപ്പുറത്തു കിടക്കുമ്പോഴും രാജ്യാതിര്‍ത്തികളുടെയും വംശീയതയുടെയും ഭൗതിക — പ്രകൃതിവിഭവ ചൂഷണത്തിന്റെയും ഒക്കെ പേരുകളില്‍ അവര്‍ യുദ്ധസാധ്യതകള്‍ നിലനിര്‍ത്തിപ്പോന്നു.
ഇതുകൂടി വായിക്കൂ: ഉക്രെയ്‌നെ സഹായിക്കാന്‍ നാറ്റോസേനയില്ല
ലോകത്തിന്റെ പല കോണുകളില്‍ പല കാരണങ്ങളാല്‍ അതുകൊണ്ടുതന്നെ ചെറുതും വലുതുമായ സംഘര്‍ഷങ്ങളുണ്ടായി. ഒരുവശത്ത് പാശ്ചാത്യ — സാമ്രാജ്യത്വ ശക്തികളായിരുന്നു എന്നതിനാല്‍ അത് യുദ്ധങ്ങളെന്നല്ല വംശീയ കലാപങ്ങളെന്നും ഒരുപടികൂടി കടന്ന് ആഭ്യന്തര യുദ്ധങ്ങളെന്നുമാണ് വിളിക്കപ്പെട്ടത്. പേരുകളെന്തായിരുന്നാലും യുദ്ധത്തിന്റെ ചിത്രങ്ങളില്‍ നിറയെ രക്തവും അഗ്നിയും പുകയുമാണ്. വികാരം പക മാത്രവും. വിനാശത്തിന്റെയും അപകടത്തിന്റെയും അടയാളങ്ങള്‍. ഭൂമിയിലും ആകാശത്തുമാണ് തീയും പുകയുമെങ്കില്‍ മരിച്ചും മരിക്കാതെയും പോയ മനുഷ്യരുടെ ശരീരങ്ങളിലാണ് രക്തം. യുദ്ധങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ മുന്നിലെത്തുന്ന ഏറ്റവും വിഖ്യാതമായ രണ്ടു ചിത്രങ്ങള്‍ യുഎസിന്റെ വിയറ്റ്നാം അധിനിവേശ കാലത്തെ കിം ഫുക്കിന്റെയും സിറിയയില്‍ നിന്ന് അഭയാര്‍ത്ഥിയായി പോയ കുടുംബത്തിലെ ഐലാന്‍ കുര്‍ദിയുടേതുമായിരുന്നു. ബോംബ് വര്‍ഷത്തില്‍ പൊള്ളലേറ്റ് വസ്ത്രങ്ങളെല്ലാം എരിഞ്ഞുതീര്‍ന്ന് അകലേക്ക് മറ്റുള്ളവര്‍ക്കൊപ്പം ഓടിരക്ഷപ്പെടുകയായിരുന്ന ഒമ്പതുവയസുകാരി കിംഫുക്കിന് പിറകില്‍ ദൂരെ, ആ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തില്‍ ബോംബ് വര്‍ഷത്തിന്റെ അഗ്നിശലാകകളും ഉയര്‍ന്നു പൊങ്ങുന്ന പുകച്ചുരുളുകളും കാണാമായിരുന്നു. ആരുടെയും ഹൃദഭേദകമാക്കുന്ന യുദ്ധക്കാഴ്ച. അഭയാര്‍ത്ഥികളായ മാതാപിതാക്കളുടെ തോളത്തുതൂങ്ങി കടല്‍ കടന്ന കുഞ്ഞായിരുന്നു ഐലാന്‍ കുര്‍ദി. മൂന്നുവയസുമാത്രം പ്രായം. കടലില്‍ പാതിവഴിയിലെവിടെയോ അവരില്‍ നിന്ന് വേര്‍പെട്ട അവന്‍ ജീവനൊടുങ്ങി ജഡമായൊഴുകി മെഡിറ്ററേനിയന്‍ കടല്‍തീരത്തൊരിടത്ത് വന്നടിഞ്ഞു. കമിഴ്ന്നു കിടക്കുന്ന നിലയിലുള്ള അവന്റെ ജഡചിത്രം കരയിക്കാത്ത കണ്ണുകളും നൊമ്പരപ്പെടുത്താത്ത മനസുകളുമില്ല.
ഇതുകൂടി വായിക്കൂ: റഷ്യ‑ഉക്രെയ്ൻ യുദ്ധം ആഗോളവൽക്കരിക്കരുത്
വേദനിപ്പിക്കുന്ന ഈ കാഴ്ചകളും വായിച്ചറിഞ്ഞ അനവധി ദുരിതങ്ങളും ഉണ്ടായിരുന്നുവെന്നതുകൊണ്ടാണ് ഉക്രെയ്‌ന്റെ മണ്ണില്‍ ഒരു യുദ്ധം കനത്തപ്പോള്‍ മുതല്‍ ലോകം അതിനെതിരായി സംസാരിച്ചു തുടങ്ങിയത്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും ഉക്രെയ്ന്‍ ഭരണാധികാരികള്‍ക്കും പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും അവരെ യുദ്ധമുഖത്തേക്ക് വലിച്ചിഴച്ച യുഎസ്, നാറ്റോ ഉള്‍പ്പെടെയുള്ള ശക്തികള്‍ക്കും ന്യായീകരിക്കുവാനുള്ള പല കാരണങ്ങള്‍ കണ്ടേക്കാം. കിഴക്കന്‍ ഉക്രെയ്‌നില്‍ റഷ്യൻ പൈതൃകക്കാർക്ക് ഭൂരിപക്ഷമുള്ള ഡൊണട്സ്ക്, ലുഹാൻസ്ക എന്നീ രണ്ടു റിപ്പബ്ലിക്കുകള്‍ ഉള്‍പ്പെടുന്ന ഡോണ്‍ബാസ് മേഖലയെ അംഗീകരിക്കുന്നതിന് റഷ്യക്കും തങ്ങളുടെ രാജ്യത്തിനകത്ത് ആഭ്യന്തര കലാപത്തിന് തുടക്കം കുറിച്ച ഇവിടുത്തെ വിമതരെ അംഗീകരിക്കാതിരിക്കുവാന്‍ ഉക്രെയ്‌നും മതിയായ ന്യായങ്ങളുമുണ്ട്. പക്ഷേ എല്ലായ്പോഴുമെന്നതുപോലെ ഉക്രെയ്‌നുമേലുള്ള റഷ്യയുടെയും തിരിച്ചുമുള്ള അതിക്രമങ്ങളെല്ലാം ആത്യന്തികമായി അവശേഷിപ്പിക്കുന്ന യുദ്ധത്തിന്റെ ബാക്കിപത്രങ്ങള്‍ പലായനങ്ങളും പട്ടിണിയും പരിദേവനങ്ങളുമാണ്. കീവിലും ഖാര്‍കിവിലും മരിയുപോളിലും ദ്നിപ്രോയിലും വര്‍ഷിക്കുന്ന ബോംബുകളുടെയും മിസൈലുകളുടെയും സ്ഫോടനങ്ങള്‍ക്കും സൈറണുകള്‍ക്കും വെടിയൊച്ചകള്‍ക്കുമിടയിലും കുഞ്ഞുങ്ങളുടെ നിലവിളികള്‍ വാര്‍ത്താ ചാനലുകളിലെ യുദ്ധദൃശ്യങ്ങളിലൂടെ രണ്ടു ദിവസമായി നമ്മുടെ കാതുകളെ അസ്വസ്ഥമാക്കുന്നുണ്ട്. ചോര കിനിയുന്ന മുഖവുമായി നില്ക്കുന്ന വൃദ്ധകളും മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയിരിക്കുന്ന യുവതികളും യുദ്ധഭീകരതയെ ഹൃദയത്തിലേക്ക് വര്‍ഷിച്ചുകൊണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുകയാണ്. ഇത്തരം ഞെട്ടിക്കുന്ന കാഴ്ചകളുടെ കൂടി ആഘോഷമാണ് യുദ്ധങ്ങളെന്ന് മനസിലാക്കാത്ത ഭരണാധികാരികളും നമ്മുടെ ശാപമാണ്.
ഇതുകൂടി വായിക്കൂ: ഇനിയൊരു യുദ്ധം വേണ്ട
മാധ്യമ പ്രവര്‍ത്തകനായ ടിമോത്തി ബാന്‍ക്രോഫ്റ്റ് മോസ്കോയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രവ്ദയില്‍ ഉക്രെയ്‌നെ റഷ്യക്ക് ആക്രമിക്കേണ്ടി വന്നതിനെ ന്യായീകരിച്ചെഴുതിയ കുറിപ്പിന്റെ തലക്കെട്ട്, റഷ്യക്കാരും കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവരാണ് എന്നായിരുന്നു. പക്ഷേ ലേഖനത്തിലെ ഓരോ വാചകത്തിലും ടിമോത്തി യുദ്ധത്തെ ന്യായീകരിച്ച് ഹിമാലയം കയറുകയാണ്. എല്ലാവരും കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവരാണ്. ഓരോ യുദ്ധവും കൊന്നൊടുക്കിയ കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും എണ്ണം കൃത്യമായി ഇതുവരെ തിട്ടപ്പെടുത്തിയിട്ടുമില്ല. അതുകൊണ്ട് സമാധാനപരമായ നീക്കങ്ങളിലൂടെയും ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും ഇപ്പോഴത്തെ യുദ്ധകാരണങ്ങള്‍ പരിഹരിക്കുവാനുള്ള ശ്രമങ്ങളാണ് അനിവാര്യമായിട്ടുള്ളത്. ഐക്യരാഷ്ട്രസഭ പോലുള്ള സംഘടനകള്‍ കയ്യടിച്ചും വിമര്‍ശിച്ചും ഗാലറികളില്‍ ഇരിക്കുന്നതിനു പകരം പക്ഷംചേരാതെയുള്ള മധ്യസ്ഥ ശ്രമത്തിന് മുന്‍കയ്യെടുക്കുകയാണ് വേണ്ടത്.