റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 74 മരണം. ഉക്രെയ്ൻ യുദ്ധ തടവുകാരെയും കൊണ്ട് പോയ വിമാനം ഉക്രെയ്ൻ സൈന്യം വെടിവെച്ചിടുകയായിരുന്നുവെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.
ഐഎല്‍76 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനം ബെല്‍ഗൊറോഡ് മേഖലയിലെ യാബ്ലോനോവോ ഗ്രാമത്തില്‍ തകർന്നുവീഴുന്നതിന്റെയും അഗ്നിക്കിരയാകുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. സൈനിക ധാരണ പ്രകാരം യുദ്ധ തടവുകാരെ ഉക്രെയ്ന് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് റഷ്യ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന 74 പേരില്‍ ആറ് പേര്‍ വിമാന ജീവനക്കാരും മൂന്നു പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. ശേഷിക്കുന്ന 65 പേരും യുദ്ധത്തടവുകാരായ ഉക്രെയ്ന് സൈനികരാണ്. ഖാര്‍കോവ് മേഖലയിലെ ലിപ്റ്റ്സിയില്‍ നിന്നും രണ്ട് മിസൈലുകള്‍ തൊടുത്തതായി തെളിവുകള്‍ ലഭിച്ചതായും റഷ്യ അറിയിച്ചു. 80 യുദ്ധത്തടവുകാരുമായി മറ്റൊരു വിമാനവും അതേസമയം ബെല്‍ഗൊറോഡ് ആകാശത്തുണ്ടായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ഈ വിമാനം പിന്നീട് ഗതിമാറ്റി.
റഷ്യന്‍ വിമാനം വെടിവച്ചിട്ടതായി ആദ്യം അവകാശപ്പെട്ട ഉക്രെയ്ൻ പിന്നീട് നിഷേധിച്ചു. റഷ്യന്‍ എസ്-300 വിമാനവേധ മിസൈലുകളുമായി പോയ വിമാനം വെടിവെച്ചിട്ടതായി ഉക്രെയ്ൻ ആദ്യം അവകാശപ്പെട്ടിരുന്നു.
അതേസമയം യുദ്ധത്തടവുകാരുടെ കൈമാറ്റം ഉണ്ടായിരുന്നതായി ഉക്രെയ്ന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
English Summary: Russian military plane crashes in Belgorod region
You may also like this video