Site iconSite icon Janayugom Online

ഇന്ത്യയോടും , ചൈനയോടുമുളള ട്രംപിന്റെ സമീപനത്തില്‍ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ്

ഇന്ത്യയോടും, ചൈനയോടുമുള്ള യുഎസ് പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രെംപിന്റെ സമീപനത്തില്‍ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ് ബ്ളാദിമിര്‍ പുടിന്‍. ഇന്ത്യയോടും ചൈനയോടും യുഎസ് ഇത്തരത്തില്‍ പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് പുതിന്‍ ഇതു പറഞ്ഞത്. സാമ്പത്തികമായ സമ്മര്‍ദ്ദങ്ങളിലൂടെ ഏഷ്യയിലെ രണ്ട് വലിയ ശക്തികളെ വരുതിയില്‍ നിര്‍ത്താനാണ് യുഎസ് ശ്രമിക്കുന്നത്. റഷ്യയുടെ പങ്കാളികളായ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ ദുര്‍ബലരാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

150 കോടി ജനങ്ങളുള്ള ഇന്ത്യ, ശക്തമായ സമ്പദ്‌വ്യവസ്ഥയുള്ള ചൈന. ഇവര്‍ക്ക് അവരുടേതായ ആഭ്യന്തര സംവിധാനങ്ങളും നിയമങ്ങളുമൊക്കെയുണ്ട്. ആരെങ്കിലും നിങ്ങളെ ശിക്ഷിക്കാന്‍ പോകുന്നുവെന്ന് പറയുമ്പോള്‍ ഓര്‍ക്കണം, ആ വലിയ രാജ്യങ്ങളുടെ നേതൃത്വത്തിന് എങ്ങനെയൊക്കെ പ്രതികരിക്കാന്‍ കഴിയുമെന്ന് പുടിന്‍ പറഞ്ഞു. ഇരുരാജ്യങ്ങളുടേയും രാഷ്ട്രീയ ബോധ്യത്തിന് ചരിത്രപരമായ വലിയ സ്വാധീനമുണ്ടെന്ന് പുടിന്‍ വശദീകരിച്ചു. 

കൊളോണിയലിസം പോലെ ഇരുരാജ്യങ്ങള്‍ക്കും ചരിത്രത്തില്‍ ദുഷ്‌കരമായ കാലഘട്ടമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരെങ്കിലുമൊരാള്‍ ബലഹീനത പ്രകടിപ്പിച്ചാല്‍ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതായേക്കാമെന്നതിനാല്‍, അതവരുടെ പ്രവൃത്തികളെയും സ്വാധീനിക്കുമെന്നും പുടിന്‍ വിശദീകരിച്ചു. കൊളോണിയല്‍ യുഗം കഴിഞ്ഞുവെന്ന് യുഎസ് മനസിലാക്കണം. പങ്കാളികളായ രാജ്യങ്ങളോട് ഇത്തരത്തില്‍ പെരുമാറാനാകില്ലെന്ന് അവര്‍ മനസിലാക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന ട്രംപിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ പരാമര്‍ശം.

Exit mobile version