ശബരിമല സ്വർണ്ണ മോഷണക്കേസിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ തയ്യാറാക്കിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും.വിഎസ്എസ്സി അധികൃതർ കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നലെ സമർപ്പിച്ച മുദ്രവെച്ച റിപ്പോർട്ടാണ് ഇന്ന് കൈമാറുന്നത്.ഈ റിപ്പോർട്ടിലെ വിവരങ്ങൾ കേസിലെ തുടർനടപടികളിൽ അതീവ നിർണ്ണായകമാകും. ശ്രീകോവിലിലെ സ്വർണ്ണപ്പാളികളിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് വിഎസ്എസ്സിയിലെ വിദഗ്ധ സംഘം ശാസ്ത്രീയ പരിശോധന നടത്തിയത്.
സ്വർണ്ണപ്പാളികൾ ഇളക്കി മാറ്റാതെ തന്നെ അവയുടെ ഘടനയും ഭാരവും കൃത്യമായി കണ്ടെത്താൻ സാധിക്കുന്ന അത്യാധുനിക എക്സ്-റേ ടെക്നോളജി ഉപയോഗിച്ചാണ് വിഎസ്എസ്സി പരിശോധന പൂർത്തിയാക്കിയത്. സ്വർണ്ണത്തിന്റെ ഗുണനിലവാരത്തിലും അളവിലും കൃത്രിമം കാട്ടിയിട്ടുണ്ടോ, സ്വർണ്ണത്തിന് പകരം മറ്റ് ലോഹങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഈ റിപ്പോർട്ടോടെ വ്യക്തത വരും. തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന പരിശോധനയുടെ ഫലം മുദ്രവെച്ച കവറിലാണ് കോടതിയിൽ എത്തിയത്. സ്വർണ്ണപ്പാളികളിലെ സ്വർണ്ണത്തിന്റെ അളവ് കുറഞ്ഞതായുള്ള പരാതികളിലെ സത്യാവസ്ഥ തെളിയിക്കാൻ ഈ ശാസ്ത്രീയ റിപ്പോർട്ട് സഹായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

