ശബരിമല നട ഇന്ന് തുലാമാസ പൂജകൾക്കായി തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ വൈകിട്ട് 4ന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ശ്രീകോവിലിൽ ദീപം തെളിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാൻ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്കു താക്കോലും ഭസ്മവും നൽകി യാത്രയാക്കും. പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷമാണു തീർഥാടകർക്ക് ദർശനം അനുവദിക്കുക.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തിനു മുന്നോടിയായി ഉന്നത പൊലീസ് സംഘം ശബരിമലയിൽ സുരക്ഷാ പരിശോധന തുടങ്ങി. സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, നിലയ്ക്കൽ ഹെലിപാഡ് എന്നിവിടങ്ങളിൽ കലക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ഇന്റലിജൻസ് എസ്പി, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധന നടത്തി. വനമേഖലയിലും കുണ്ടാർ ഡാമിന്റെ സമീപത്തും അധികൃതർ പരിശോധന നടത്തി.

