Site iconSite icon Janayugom Online

ശബരിമല തീർത്ഥാടനം: ഇന്ന് നട തുറക്കും

മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നട തുറക്കും.
തുടർന്ന് മാളികപ്പുറം ക്ഷേത്രം തുറക്കുന്നതിന് മേൽശാന്തി പി എം മുരളിക്ക് താക്കോൽ കൈമാറും. ശേഷം പതിനെട്ടാം പടിയിൽ ആഴി തെളിക്കൽ നടക്കും. തുടർന്ന് ഭക്തർ കടന്നുവരുന്നതിന് പതിനെട്ടാം പടിയുടെ വാതിൽ തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്ത മേൽശാന്തിമാർ ആദ്യം പടി കയറും. ഇന്ന് പൂജകൾ ഉണ്ടായിരിക്കില്ല. പുതിയ മേൽശാന്തിമാരായി എസ് അരുൺകുമാർ നമ്പൂതിരി (ശബരിമല), വാസുദേവൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണം നടക്കും. ചടങ്ങിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവർ കാർമികത്വം വഹിക്കും. ആദ്യം ശബരിമല ക്ഷേത്ര നടയിലെയും അതിന് ശേഷം മാളികപ്പുറത്തെ മേൽശാന്തിയുടെയും അഭിഷേകം നടക്കും. തീർത്ഥാടനത്തിന് തുടക്കം കുറിച്ച് നാളെ മണ്ഡല കാല പൂജകൾ പുലർച്ചെ മൂന്നിന് തുടങ്ങും. ഡിസംബർ 26ന് മണ്ഡല പൂജ നടക്കും. അന്ന് രാത്രി 11ന് നട അടയ്ക്കും.
പിന്നീട് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക് ഉത്സവം. തീർത്ഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും. 

Exit mobile version