ശബരിമല സ്വര്‍ണപ്പാളി കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിനെ ഒരു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടു. 2019 കാലയളവിൽ ബോർഡംഗമായിരുന്ന വിജയകുമാറിന്റെ മൊഴി നിർണായകമാണെന്ന് കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
കൊല്ലം പൊലീസ് ക്ലബിൽ ചോദ്യം ചെയ്ത ശേഷം വൈകിട്ട് കോടതിയിൽ ഹാജരാക്കി. തുടര്‍ന്ന് തിരുവനന്തപുരം ജയിലിലേക്ക് അയച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. അതിനിടെ ശബരിമല ക്ഷേത്രത്തിലെ ചെമ്പുപാളികളിൽ പതിച്ചിരുന്ന സ്വർണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്നതിനായി തിരുവനന്തപുരം വിഎസ്എസ്‌സിക്ക് നൽകിയ സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം മുദ്രവച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് കോടതി വിലയിരുത്തിയ ശേഷം എസ്ഐടിക്ക് കൈമാറും.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധരുടെ സഹായത്തോടെയാണ് ശബരിമല ക്ഷേത്രത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. യുബി ഗ്രൂപ്പ് 1998ൽ പൊതിഞ്ഞ സ്വർണം തന്നെയാണോ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തത്, ദ്വാരപാലക ശില്പങ്ങളിലും കട്ടിളയിലും ഇപ്പോൾ പൊതിഞ്ഞിട്ടുള്ള സ്വർണവും യുബി ഗ്രൂപ്പ് പൊതിഞ്ഞ സ്വർണവും തമ്മിൽ വ്യത്യാസമുണ്ടോ, നഷ്ടപ്പെട്ട സ്വർണത്തിന്റെ മൂല്യം, പുരാവസ്തു മൂല്യം തുടങ്ങിയ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് കോടതിക്കു കൈമാറിയത്.
ശബരിമലയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾക്കു പുറമേ, കേസിലെ പ്രതികളിൽ ഒരാളും ബെല്ലാരിയിലെ ജ്വല്ലറി ഉടമയുമായ ഗോവർധനിൽ നിന്നുൾപ്പെടെ കണ്ടെടുത്ത സ്വർണവും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. നഷ്ടത്തിന്റെ മൂല്യം കണക്കാക്കുന്ന റിപ്പാർട്ടാണിത്.
മുഖ്യപ്രതി ഉണ്ണകൃഷ്ണൻ പോറ്റി വീണ്ടും ജാമ്യാപേക്ഷയുമായി വിജിലൻസ് കോടതിയെ സമീപിച്ചു. തിങ്കളാഴ്ച അപേക്ഷ പരിഗണിച്ചേക്കും. സ്വർണാപഹരണവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും കഴിഞ്ഞയാഴ്ച പോറ്റിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒക്ടോബർ 16നാണ് പോറ്റി അറസ്റ്റിലായത്. കേസുകളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വഭാവിക ജാമ്യത്തിന് താൻ അർഹനാണെന്നാണ് പോറ്റിയുടെ വാദം.

