Site iconSite icon Janayugom Online

സാധ്വി ഋതംബരയുടെ പത്മവിഭൂഷണ്‍ വിവാദത്തില്‍

അയോധ്യമതപരമായ കലഹത്തിന് ചുക്കാന്‍ പിടിച്ച വ്യക്തിയെന്ന് ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മിഷന്‍ കുറ്റപ്പെടുത്തിയ തീവ്ര ഹൈന്ദവ സന്യാസിനി സാധ്വി ഋതംബരയ്ക്ക് പത്മ വിഭൂഷണ്‍ നല്‍കിയ തീരുമാനം വിവാദത്തില്‍. കൂടാതെ രാമക്ഷേത്ര വാസ്തുശില്പിക്കും നരേന്ദ്ര മോഡിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടയാള്‍ക്കും പത്മശ്രീയും നല്‍കി പരമോന്നത സിവിലിയന്‍ ബഹുമതികളുടെ അന്തസ് നരേന്ദ്ര മോഡി സര്‍ക്കാര്‍ കെടുത്തിയെന്നും ആരോപണം ഉയര്‍ന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനി അധ്യക്ഷയായ ഋതംബരയ്ക്ക് സാമുഹ്യ പ്രവര്‍ത്തക എന്ന ലേബലിലാണ് പുരസ്കാരം നല്‍കി ആദരിച്ചത്. 1980–1990 കാലഘട്ടത്തില്‍ രാജ്യമാകെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി വിദ്വേഷ പ്രസംഗവും യാത്രയും നടത്തി വിവാദ നായികയായിരുന്നു ഋതംബര. 1992 ഡിസംബര്‍ ആറിന് ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷം രാമന്‍ വീണ്ടും അവതരിച്ചതായി പ്രസ്താവനയും ഋതംബരയുടെ ഭാഗത്ത് നിന്നു വന്നിരുന്നു. പളളി പൊളിക്കുന്ന സമയത്ത് നേതൃത്വം നല്‍കാനും ഋതംബരയും സംഘവും സന്നിഹിതരായിരുന്നു. മസ്ജിദ് തകര്‍ത്ത കേസില്‍ ഋതംബര അടക്കം 32 പേരെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും 2020ല്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. മതപരമായ അസ്വസ്ഥത സൃഷ്ടിക്കുന്നതില്‍ ഋതംബര വഹിച്ച പങ്കിനെ ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. 

രാമക്ഷേത്ര വാസ്തു ശില്പി ചന്ദ്രകാന്ത് സോമപുര, വേദ പണ്ഡിതനും ആര്‍എസ്എസ് അനുഭാവിയുമായ ഗണേശ്വര്‍ ശാസ്ത്രി തുടങ്ങിയവര്‍ക്കും പത്മശ്രീ പുരസ്കാരം നല്‍കി മോഡി സര്‍ക്കാര്‍ ഔദാര്യം കാട്ടി. രാമക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച വ്യക്തിയാണ് ഗണേശ്വര്‍ ശാസ്ത്രി. 2024 ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട വ്യക്തിയെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. 

Exit mobile version