Site iconSite icon Janayugom Online

പാമ്പന്‍ പാലത്തിന് സുരക്ഷാ പിഴവുകള്‍

പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കാൻ 531 കോടിയോളം ചെലവഴിച്ച് നിര്‍മ്മിച്ച റെയില്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ പിഴവെന്ന് റിപ്പോര്‍ട്ട്. പാലത്തിന്റെ ആസൂത്രണം മുതല്‍ നിര്‍മ്മാണം വരെ പാളിച്ചകളുണ്ടായെന്ന് റെയിൽവേ സുരക്ഷാ കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പാമ്പൻ പാലത്തിലെ കൂടുതല്‍ പരിശോധനകള്‍ക്കായി റെയില്‍വേ മന്ത്രാലയം അഞ്ചംഗ സമിതി രൂപീകരിച്ചു.
റെയില്‍വേ ബോര്‍ഡിന്റെ പ്രിൻസിപ്പല്‍ എക്സിക്യൂട്ടീവ് ഡയറക്‌ടര്‍ (ബ്രിഡ്‌ജ്) ആര്‍ കെ ഗോയല്‍ സമിതിയുടെ അധ്യക്ഷനാകും. ആർഡിഎസ്ഒയുടെ പിഇഡി, ദക്ഷിണ റെയിൽവേയിലെ ചീഫ് ബ്രിഡ്‌ജ് എന്‍ജിനീയർ, ആർവിഎൻഎൽ ഡയറക്ടർ, ഒരു സ്വതന്ത്ര സുരക്ഷാ വിദഗ്‌ധൻ എന്നിവരടങ്ങുന്നതാണ് അഞ്ചംഗ സമിതി. 

പാമ്പൻ പാലം ഒരു എന്‍ജിനീയറിങ് വിസ്‌മയമായി വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും പാലം രൂപകല്പനയിലും നിര്‍മ്മാണത്തിലും നിരവധി പിഴവുകള്‍ ഉണ്ടായെന്ന് ഈ മാസം 26ന് ദക്ഷിണ റെയിൽവേക്ക് അയച്ച കത്തിൽ റെയിൽവേ സുരക്ഷാ കമ്മിഷണർ എ എം ചൗധരി ചൂണ്ടിക്കാട്ടി. 1914ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച് 2022ല്‍ ഡീകമ്മിഷന്‍ ചെയ്ത പഴയ പാലത്തിനു പകരം നിര്‍മ്മിച്ചിരിക്കുന്ന പുതിയ പാലത്തിന് 2.05 കിലോമീറ്ററാണ് നീളം.
രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത 72 മീറ്റര്‍ ലിഫ്റ്റ് സ്പാനാണ് പാലത്തിന്റെ പ്രധാന പ്രത്യേകത. കപ്പലുകള്‍ പാലത്തിനടിയിലൂടെ നിര്‍ബാധം കടന്നു പോകുന്ന വിധമാണ് പുതിയ പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍. കപ്പലുകള്‍ക്ക് കടന്നു പോകാന്‍ പ്രത്യേക റോളിങ് ലിഫ്റ്റായിരുന്നു പഴയ പാലത്തിലുണ്ടായിരുന്നത്. ഇത് രണ്ടുപേര്‍ ചേര്‍ന്ന് ഉയര്‍ത്തിയാല്‍ കപ്പലിന് കടന്നു പോകാം. സാങ്കേതിക വിദ്യയില്‍ 110 കൊല്ലം പഴക്കമുണ്ടെങ്കിലും പഴയ പാലത്തിന്റെ നിര്‍മ്മാണം കുറ്റമറ്റതാണെന്ന് കമ്മിഷണര്‍ വിശദീകരിച്ചു.

റെയിൽവേ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) നിലവാരമില്ലാത്ത കോഡുകൾ ഉപയോഗിച്ചാണ് ലിഫ്റ്റ് സ്‌പാൻ ഗർഡർ രൂപകല്പന ചെയ്‌തിരിക്കുന്നത്. പാലത്തിന്റെ രൂപകല്പന നിലവാരമില്ലാത്തതാണെന്നും വെല്‍ഡിങ് അശാസ്ത്രീയമായ രീതിയിലാണെന്നും കണ്ടെത്തി. സമ്മര്‍ദം വഹിക്കാനുള്ള പാലത്തിന്റെ ശേഷി 36 ശതമാനം കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൻകിട പദ്ധതികള്‍ക്കായി ഒരു സാങ്കേതിക ഉപദേശക സംഘം രൂപീകരിക്കാറുണ്ട്. എന്നാൽ പാമ്പൻ പാലത്തിന്റെ കാര്യത്തിൽ ഈ നടപടിയുണ്ടായിരുന്നില്ല. ഇതാണ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നും സിആർഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, പാലത്തിന്റെ ഡിസൈന്‍ ഇന്ത്യ, യൂറോപ്യന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റുമാര്‍ രൂപപ്പെടുത്തിയതാണെന്നും ചെന്നൈ, മുംബൈ ഐഐടികള്‍ വിശദ പരിശോധന നടത്തിയതാണെന്നും റെയില്‍വേ മന്ത്രാലയം വിശദീകരിച്ചു.
മണ്ഡപത്തു നിന്ന് പാമ്പന്‍ സ്റ്റേഷന്‍ വരെയുള്ള പാലം ഗതാഗത യോഗ്യമാണെന്നും സിആർഎസ് റിപ്പോര്‍ട്ടില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പാസഞ്ചർ, ഗുഡ്‌സ് ട്രെയിനുകൾക്ക് പരമാവധി 75 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാൻ അനുമതിയുണ്ട്. എന്നാല്‍, ലിഫ്റ്റ് ഗ്രൈഡറിന് മുകളില്‍ 50 കിലോമീറ്റര്‍ വേഗപരിധി പാലിക്കണം. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്ക് ശേഷം വേഗതാ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാമെന്നും എ എം ചൗധരിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

Exit mobile version